ഭാരതീയ സങ്കല്‍പ്പമനുസരിച്ച് പതിവ്രതകളില്‍ പ്രഥമഗണനീയ. ഭൂമിപുത്രിയായി പിറന്ന് , ജനകപുത്രിയായി വളര്‍ന്ന്, രാമപത്നിയായിത്തീര്‍ന്ന ലക്ഷ്മീദേവിയുടെ അംശാവതാരം. പത്നിയായ്ത്തീര്‍ന്ന ദിനം മുതല്‍ ദുഖവും കണ്ണുനീരും മാത്രമാണ് അവള്‍ക്ക് തോഴിമാര്. ചെറിയമ്മയുടെ പിടിവാശിയാണ് അവള് ഭര്‍തൃ പദങ്ങള്‍ പിന്തുടര്ന്ന് കാനനവാസം ആരംഭിക്കുവാന്‍ കാരണം. പതിനാലു വര്‍ഷം കാട്ടില്‍ സമാധാനമായി കഴിയാം എന്ന് ആ നവവധു ആശിച്ചെങ്കില്‍ അത് തന്റെ പ്രിയതമന് കൂടെ ഉണ്ടെന്നുള്ള ആത്മവിശ്വാസവും ആനന്ദവും തന്നെയായിരുന്നു. സംരക്ഷണത്തിനും ആജ്ഞകള്‍ അനുവര്‍ത്തിക്കാനും അനിയന് ലക്ഷ്മണനും ഉണ്ട്.