മലയാള സിനിമാഗാനങ്ങളിലെ സീതാദേവി.

T D Kusalakumari in and as Seetha (1960)
T D Kusalakumari in and as Seetha (1960)

ഭാരതീയ സങ്കല്‍പ്പമനുസരിച്ച് പതിവ്രതകളില്‍ പ്രഥമഗണനീയ. ഭൂമിപുത്രിയായി പിറന്ന് , ജനകപുത്രിയായി വളര്‍ന്ന്, രാമപത്നിയായിത്തീര്‍ന്ന ലക്ഷ്മീദേവിയുടെ അംശാവതാരം. പത്നിയായ്ത്തീര്‍ന്ന ദിനം മുതല്‍ ദുഖവും കണ്ണുനീരും മാത്രമാണ് അവള്‍ക്ക് തോഴിമാര്‍. ചെറിയമ്മയുടെ പിടിവാശിയാണ് അവള്‍ ഭര്‍തൃ പദങ്ങള്‍ പിന്തുടര്‍ന്ന് കാനനവാസം ആരംഭിക്കുവാന്‍ കാരണം. പതിനാലു വര്ഷം കാട്ടില്‍ സമാധാനമായി കഴിയാം എന്ന് ആ നവവധു ആശിച്ചെങ്കില്‍  അത് തന്റെ പ്രിയതമന്‍ കൂടെ ഉണ്ടെന്നുള്ള ആത്മവിശ്വാസവും ആനന്ദവും തന്നെയായിരുന്നു. സംരക്ഷണത്തിനും ആജ്ഞകള്‍ അനുവര്‍ത്തിക്കാനും അനിയന്‍ ലക്ഷ്മണനും ഉണ്ട്.

പക്ഷെ സീതയുടെ വിധി മറ്റൊന്നാകുന്നു. കാമമോഹിതനായ കാമുകനായി ദശമുഖന്‍ അവളെ പ്രാപിയ്ക്കാനും സ്വന്തമാക്കാനും ഒരുങ്ങുന്നു. പതിവ്രതാ രത്നമായ സീത കഠിന പരീക്ഷകളെ അതിജീവിച്ച് ദശമുഖ നിഗ്രഹം കഴിച്ചു തന്റെ പ്രിയതമന്‍ തന്നെ രക്ഷപ്പെടുത്തി എടുക്കുന്നത് വരെ ലങ്കയില്‍ കഴിയുന്നു.വിജയശ്രീലാളിതരായി അയോധ്യയില്‍ തിരിച്ചെത്തുന്ന ദമ്പതിമാരെ വിധി വീണ്ടും പിന്തുടരുകയാണ്. ഗര്‍ഭിണിയായ സീതയ്ക്ക് തന്റെ പാത്രിവൃത്യ ശുദ്ധി തെളിയിക്കണം. രാവണന്റെ കോട്ടയിലെ താമസം റാണിയ്ക്ക് കളങ്കമുണ്ടാക്കിയിട്ടില്ലെന്നു പ്രജകളെ ബോദ്ധ്യപ്പെടുത്തണം. സീത അഗ്നിപരീക്ഷയ്ക്ക് തയ്യാറായി വിജയിക്കുന്നു. പക്ഷെ ആയിരം നാവുകളെ തടഞ്ഞു നിര്‍ത്താന്‍ അഗ്നിശുദ്ധിയ്ക്ക് പോലും സാധിക്കുന്നില്ല, ഗര്‍ഭിണിയായ സീതയെ രാമന്‍ കൌശലത്തോടെ കാട്ടിലുപേക്ഷിക്കുന്നു. വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ അവള്‍ ഇരട്ടക്കുട്ടികളുടെ അമ്മയാവുന്നു. കാലങ്ങള്‍ക്ക് ശേഷം മഹാരാജാവായ രാമന്‍ മക്കളെ തിരിച്ചറിയുന്നു, അവരുടെ അമ്മയെയും. പക്ഷെ ഒരു യുഗത്തിന്റെ യാതന അനുഭവിച്ചു കഴിഞ്ഞ സീത തന്റെ അമ്മയായ ഭൂമിദേവിയോട് തന്നെ തിരിച്ചെടുക്കാന്‍ അപേക്ഷിക്കുന്നു. ഭൂമി പിളര്‍ന്നു സീത അന്തര്‍ധാനം ചെയ്യുന്നു.ഇതാണ് വളരെ ചുരുക്കത്തില്‍ സീതയുടെ കഥ.

കാലാകാലങ്ങളായി ജീവിതത്തിന്റെ നിരവധി സന്നിഗ്ധാവസ്ഥകളില്‍ കണ്ണീരോടെ നില്‍ക്കുന്ന സ്ത്രീകളെ സീതയുമായി ബന്ധപ്പെടുത്തി ഉപമിയ്ക്കാറുണ്ട് . പാതിവൃത്യത്തിന്റെ, മനസ്സുറപ്പിന്റെ, കണ്ണുനീരിന്റെ എല്ലാം പ്രതീകമാണവള്‍ . അടിമയുടെ, ചതിക്കപ്പെടുന്നവളുടെ , അപമാനിക്കപ്പെടുന്നവളുടെ പ്രതിബിംബം കൂടിയാണവള്‍ . ഏറ്റവും കൂടുതലായി അവള്‍ സര്‍വ്വംസഹയാണ്. അവളുടെ അമ്മയായ ഭൂമിയെപ്പോലെ സര്‍വ്വംസഹ. ഒരു ജീവിതകാലം മുഴുവന്‍ ആരെയൊക്കെയോ പ്രീതിപ്പെടുത്തുവാന്‍ സ്വന്തം ജീവിതം ദാനം നല്‍കിയ പാവം സീത. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സീതയായി മാറുന്ന നായികമാരെ മലയാള സിനിമ എങ്ങനെയാണ് ആവിഷ്കരിക്കുന്നത്? സിനിമാഗാനങ്ങളിലെ വരികള്‍ക്കുള്ളില്‍ സീത എന്ന ശാപജന്മത്തെ എങ്ങനെ സന്നിവേശിപ്പിച്ചിരിക്കുന്നു? ഒരന്വേഷണം.

സീത എന്ന പേരില്‍ത്തന്നെ അന്തര്‍ലീനമായ ദുഃഖത്തിന്റെ ആഴക്കടല്‍ – സ്വാഭാവികമായും ഒരു ഉപമ ദു:ഖസ്ഥായിയായിരിക്കും. അതി ദുര്‍ഘടമായ ആത്മസംഘര്‍ഷം അതിനു മേല്‍ തീമാരി ചൊരിയും സീതയുടെ കുട്ടിക്കാലം. അവളുടെ സ്വയംവരം, കന്യാദാനം, അയോധ്യയിലെക്കുള്ള യാത്ര – തുടങ്ങി മക്കളെ അച്ഛനെ ഏല്‍പ്പിച്ചു സ്വമാതാവിന്റെ ഗര്‍ഭപാത്രത്തിലേക്ക് തിരിച്ചു പോകുന്നത് വരെയുള്ള സീതയുടെ കഥയെ മലയാള സിനിമാഗാനങ്ങളില്‍ തിരയുകയാണ്.

 സീത (1960)

1960 ല്‍ സീത എന്ന മലയാള ചിത്രം ഉദയാ സ്റ്റുഡിയോ നിര്‍മ്മിച്ചു. അതില്‍ സീതയുടെ മുന്‍പറഞ്ഞ ജീവിതകഥ ഉണ്ട്. പാട്ട് പാടി ഉറക്കാം എന്ന ഹിറ്റ്‌ ഗാനത്തിന്റെ പിറവിയും ഈ സിനിമയിലാണ്.

പാട്ട് പാടി ഉറക്കാം.

കലിയുഗം (1973)

‘കലിയുഗം’ എന്ന സിനിമയിലെ ‘ഭൂമി പെറ്റ മകളല്ലൊ സീതപ്പെണ്ണ്‍ ‘ എന്ന ഗാനം മുതല്‍ നമുക്ക് നോക്കാം. മലയാള സിനിമാഗാനങ്ങളില്‍ സീത എവിടെയൊക്കെ പ്രത്യക്ഷപ്പെടുന്നു എന്ന്. ഈ ഗാനത്തില്‍ സീതയെ ഒരു നാടന്‍ പെണ്ണിന്റെ മട്ടിലാണ് കാണുന്നത്. സീതപ്പെണ്ണ്‍ – രാമന്റെ പെണ്ണ്, ആ പെണ്ണിന് എന്തൊക്കെ സംഭവിച്ചു? ഒരു നാട്ടിന്‍ പുറത്തുകാരിയായ ഭര്‍തൃമതിയെ മറ്റൊരുത്തന്‍ തട്ടിക്കൊണ്ടു പോവുക, അവള്‍ തിരിച്ചുവന്നു ഗര്‍ഭിണിയാണെന്ന് പൊതുജനം അറിയുക. എന്തെല്ലാം പുകിലാണ്! ഒരു ഗ്രാമപെണ്ണിന്‍ ജീവിതത്തിലേക്കുള്ള പൊതുജനശ്രദ്ധയും വികാരവുമാണ് ഈ ഗാനം പ്രകടമാക്കുന്നത്. ഇതിന്റെ ചിത്രീകരണം തന്നെ നോക്കുക. ഞാറ്റുപാടത്ത് പണിക്കാരിപ്പെണ്ണുങ്ങള്‍ ഞാറ്റു പാട്ട് പാടുകയാണ്. അതീവ മാനസിക സംഘര്‍ഷവുമായി നായകന്‍ വരമ്പത്തുണ്ട്. പാട്ടിലെ സീതപ്പെണ്ണ് നാം കാണാത്ത അതിലെ നായികയാണെന്നും, അവളുടെ ജീവിതകഥ -അതൊരു ദുരന്തകഥ ആവാനാണ് സാധ്യത- നാട്ടുകാരെല്ലാം പറയുന്നുവെന്നുമാണ് പാട്ടിലൂടെയുള്ള ധ്വനി.

ഭൂമി പെറ്റ മകളല്ലൊ സീതപ്പെണ്ണ്‍.

അയലത്തെ സുന്ദരി (1974)

സീതാസ്വയംവരം,ഒരുപക്ഷെ ഈ ലോകത്തിലെ തന്നെ ഏറ്റവും സുന്ദര നിമിഷങ്ങളുടെ വര്ണ്ണനയാവും അത്. മിഥിലാപുരിയുടെ പ്രിയദര്‍ശിനിയ്ക്കാണ് സ്വയംവരം. സ്വയംവരത്തില്‍ പങ്കെടുക്കുവാന്‍ ശ്രീരാമന്‍ എത്തുന്നുവെന്ന് അവള്‍ അറിഞ്ഞിരിക്കുന്നു. പട്ടുമഞ്ചത്തില്‍ അലങ്കരിച്ചു വച്ചിരിക്കുന്ന ത്രയംബകം എടുത്തു വലിച്ച് കുലച്ച് ഒടിച്ചാല്‍ മാത്രമേ സീത ആ വീരനെ സ്വയംവരമാല്യം ചാര്ത്തൂ. പലരും വന്നിരിക്കുന്ന രാജാക്കന്മാരോക്കെ ശ്രമിച്ചിട്ടും വില്ലൊന്ന് ഉയര്‍ത്തുവാന്‍ പോലും സാധിക്കുന്നില്ല. അവസാനം സൂര്യതേജസ്സോടുകൂടിയ രാമന്‍ നിഷ്പ്രയാസം വില്ലെടുത്തു കുലച്ചൊടിയ്ക്കുന്നു. ത്രേതായുഗം തന്നെ കുളിരണിഞ്ഞ നിമിഷം, ഹര്‌ഷാശ്രുക്കള്‍ക്കിടയിലൂടെ സീത രാമനെ കാണുന്നു. മൂവുലകും വന്നു പൂവും പ്രസാദവും വര്‍ഷിക്കുന്നു. എങ്ങും ഉത്സവലഹരിയാണ്. ‘ത്രയംബകം വില്ലൊടിഞ്ഞു, ത്രേതായുഗം കുളിരണിഞ്ഞു‘ എന്ന ഗാനം – മനോജ്ഞമായ സീതാസ്വയംവര കഥനം.

ത്രയംബകം വില്ലൊടിഞ്ഞു, ത്രേതായുഗം കുളിരണിഞ്ഞു

ഊഞ്ഞാല്‍ (1977)

വിവാഹാഘോഷമെല്ലാം ഒരുവിധം പൂര്‍ത്തിയാക്കി രാമന്‍ സീതയേയും കൊണ്ട് അയോധ്യയിലേക്ക് പുറപ്പെടുകയാണ്. മിഥിലാപുരി ആഹ്ലാദാരവങ്ങള്‍ ഒഴിഞ്ഞു സീതാവിരഹത്തിന്റെ കണ്ണീരൊഴുക്കുവാന്‍ തുടങ്ങുകയാണ്. ഹൃദയഭേദകമാണ് മകളുടെ വേര്പാടെങ്കിലും അവളെ ഭര്‍തൃഗൃഹത്തിലേക്ക് അയച്ചേ മതിയാവൂ ജനകനും പരിവാരങ്ങള്‍ക്കും. സുമന്ത്രര്‍ തെളിയ്ക്കുന്ന തേരിലതാ  സുസ്മേരവദനയായി, സുന്ദര സ്വപ്നങ്ങളുമായി സീതാദേവി ഇരിക്കുന്നു. കുതിരകള്‍ ആജ്ഞയനുസരിച്ച് അയോധ്യ ലക്ഷ്യമാക്കി കുതിയ്ക്കുകയാണ്. വഴിനീളെ ജനസമുദ്രം രാജകുമാരിയ്ക്ക് ദീര്‍ഘസുമംഗലീവരം നേരുകയാണ്. കുറച്ചു ദൂരം ചെന്ന രഥം പെട്ടന്ന് നില്‍ക്കുന്നു. മുന്നിലതാ ഇഹപരത്തിലെ മുഴുവന്‍ ക്രോധവും ഉയിര്‌കൊണ്ട പോലെ മഴുവുമേന്തി ഭാര്‍ഗവരാമന്‍ ! തന്റെ ഗുരുവിന്റെ വില്ലൊടിച്ച ക്ഷത്രിയകുമാരനെ വകവരുത്തിയെ അടങ്ങൂ. ഐ. വി. ശശി സംവിധാനം ചെയ്ത ‘ഊഞ്ഞാല്‍ (1977)’ എന്ന ചിത്രത്തിലാണ്‌ ‘ശ്രീരാമ ചന്ദ്രന്റെയരികില്‍ ‘ എന്ന സുന്ദരഗാനം സീതയെ നവവധുവായി ചിത്രീകരിയ്ക്കുന്നു. അവളുടെ ജീവിതത്തിലെ ആദ്യ പരീക്ഷണമെന്നും ഭാര്‍ഗവരാമ ദര്‍ശനത്തെ വിളിക്കാം. നായിക പരീക്ഷണങ്ങളിലേക്ക് ആദ്യച്ചുവട്‌ വയ്ക്കുന്നുവെന്ന ധ്വനി.

ശ്രീരാമ ചന്ദ്രന്റെയരികില്‍.

വാഴ്വേമായം (1970)

സീതാദേവി സ്വയംവരം ചെയ്തൊരു ത്രേതായുഗത്തിലെ ശ്രീരാമന്‍” മലയാളത്തിലെ എക്കാലത്തെയും പ്രിയഗാനങ്ങളില്‍ ഒന്നാണ്. സീത എന്ന വ്യക്തിയുമായി ഈ ഗാനത്തിന് നേരിട്ട് ബന്ധമില്ല. ഏതെങ്കിലും രീതിയില്‍ ഇതില്‍ സീതയുടെ വികാരവിചാരങ്ങള്‍ നായികയില്‍ പ്രതിബിംബിയ്ക്കുന്നുമില്ല . സീതാദേവി സ്വയംവരം ചെയ്ത ശ്രീരാമനെ ആണ് ഇതില്‍ നായിക തന്റെ നായകനില്‍ കാണുവാന്‍ ശ്രമിയ്ക്കുന്നത്. കല്ലായി  മാറിയ അഹല്യയെ കാല്‍വിരല്‍ കൊണ്ട് തൊട്ടു ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ശ്രീരാമനെപ്പോലെ, തന്റെ പ്രിയന്റെ വിരലുകള്‍ തൊട്ടാല്‍ ചിലപ്പോള്‍ നര്‍ത്തകി പ്രതിമയ്ക്ക് ജീവന്‍ വയ്ക്കുമോ എന്നാണു അവളുടെ ആശങ്ക. അങ്ങനെയങ്കില്‍ അവന്റെ സ്നേഹത്തിനു പങ്കാളിയായി ഒരാള്‍ കൂടി എത്തുമോ എന്ന ആകുലത അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഗാനം.

സീതാദേവി സ്വയംവരം ചെയ്തൊരു ത്രേതായുഗത്തിലെ ശ്രീരാമന്‍

കള്ളിച്ചെല്ലമ്മ (1969)

സീത എന്ന പേര് നമുക്ക് നല്‍കുന്ന വിരഹിണിയുടെ ചിത്രം അവളുടെ മറ്റേതു ഭാവത്തിലുമുപരിയായി തെളിഞ്ഞു നില്‍ക്കുന്നു. അശോകവനത്തില്‍ ശ്രീരാമനായി കാത്തിരിക്കുന്ന സീതാദേവി. അഴകിയ രാവണനെ അവള്‍ ഒരു തൃണമായാണ് കാണുന്നത്. പ്രലോഭനങ്ങളിലും ഭീഷണികളിലും വീഴാതെ അവള്‍ രാമനെ കാത്തിരിക്കുന്നു. ‘അശോകവനത്തിലെ സീതമ്മാ ‘ എന്ന ഗാനം കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തിലെതാണ് . നായിക വിരഹിണിയാണ് . കരം പിടിക്കാന്‍ രാമന്‍ എത്തുമോ അതോ അഴകിയ രാവണനു അവള്‍ വഴിപ്പെടേണ്ടി വരുമോ എന്ന ആശങ്ക വിരഹത്തെക്കാളുപരി അവളെ ഭരിക്കുന്നു. എഴുവരികളും എഴക്ഷരവും തള്ളി അവള്‍ രാമായണം പകുത്തു വായിച്ചു നോക്കുന്നു. തുഞ്ചന്റെ പൈങ്കിളിയെക്കൊണ്ട് അവള്‍ താളിയോല എടുപ്പിച്ചു നോക്കുന്നു. ആകാംക്ഷയും ആധിയും ഒഴിയുന്നില്ല. ഗാനം തീരുമ്പോള്‍ നായിക വീണ്ടും ആത്മസംഘര്‍ഷത്തില്‍ത്തന്നെ.

രാത്രിയിലെ യാത്രക്കാര്‍ (1976)

അശോകവനത്തിലെ സീതയുടെ ആത്മനൊമ്പരത്തിന്റെ നേര്‍ചിത്രമാണ് അശോകവനത്തില്‍ പൂവുകള്‍ കരിഞ്ഞു(രാത്രിയിലെ യാത്രക്കാര്‍ ) എന്ന പാട്ട്. സ്വയം സീതയായി സങ്കല്‍പ്പിക്കുന്ന നായിക, മനസ്സും മിഴിയും ആത്മാവും കൊണ്ട് തന്റെ രാമനെ കരഞ്ഞു വിളിക്കുകയാണ്‌. രാക്ഷസ രാജാവിന്റെ ഇംഗിതത്തിനു വഴങ്ങാന്‍ ഇടവരും മുന്‍പ്‌ അവളുടെ പ്രിയതമന്‍ എത്തിച്ചേരുവാനുള്ള മുറവിളി. ഇരുട്ടിന്റെ മുന്‍പില്‍ വിറയ്ക്കുന്ന സന്ധ്യപോലെ അവളെ പ്രാപിക്കാന്‍ ഒരുക്കം കൂട്ടുന്ന കശ്മലന്റെ മുന്നില്‍ നിന്ന് വിറയ്ക്കുകയാണ് ആ പാവം. പ്രാണന്‍ പിടയുന്ന അവളുടെ രോദനം രാമന്‍ കേള്‍ക്കുമോ? മാധുരി വളരെ വികാര തീവ്രമായി പാടിയിരിക്കുന്ന ഈ ഗാനം മാധുരിയുടെ ശോകഗാനങ്ങളില്‍ മികച്ചത് കൂടിയാണ്.

അശോകവനത്തില്‍ പൂവുകള്‍ കരിഞ്ഞു.

 തറവാട്ടമ്മ (1966)

ത്രയംബകം വില്ലൊടിച്ച് സീതയെ സ്വന്തമാക്കിയ രാമന്‍, ഭാര്യയായത് മുതല്‍ അഗ്നിപരീക്ഷകള്‍ മാത്രം നേരിടേണ്ടി വന്ന നിരപരാധിയായ സീത. അവള്‍ ചെല്ലുന്നിടമെല്ലാം കുഴപ്പങ്ങള്‍. രാമനാമം മാത്രം ജപിച്ച് ഭര്‍തൃ പാദങ്ങള്‍ മാത്രം മനസ്സില്‍ ധ്യാനിച്ച്‌ കഴിഞ്ഞ സീതയ്ക്ക് എന്തുകൊണ്ടാണ് പരീക്ഷണങ്ങള്‍ മാത്രം വിധി കരുതി വച്ചത്? കൊടും യുദ്ധത്തിനു ശേഷം അയോധ്യയിലെത്തിയിട്ടും അവള്‍ക്കു മനസ്സമാധാനമില്ല. സന്തോഷമില്ല. രാമന്‍ രാജാവാണ്. റാണിയെപ്പറ്റി ആള്‍ക്കാര്‍ അതുമിതും പറയുന്നു. രാജാവിന് രാജ്യമാണ് വലുത്. പ്രജകളാണ് വലുത്. രാജധര്‍മ്മമാണ് വലുത്. നിഷ്കളങ്കയായ സീത അവളറിയാതെ കാട്ടില്‍ പരിത്യജിക്കപ്പെടുന്നു. അവള്‍ ഗര്‍ഭിണിയാണ്. ഇത്തരം ഒരു കഥാ സന്ദര്‍ഭമാണ് തറവാട്ടമ്മ എന്ന ചിത്രത്തിലെ ‘മറ്റൊരു സീതയെ കാട്ടിലേക്കയയ്ക്കുന്നു ‘ എന്ന കമുകറ പുരുഷോത്തമന്‍ പാടിയ പ്രസിദ്ധ ഗാനം. ഇതില്‍ രാമന്റെ ആത്മസംഘര്‍ഷമാണ് നായകനിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. മനസ്സാക്ഷിയും കര്‍മ്മവും തമ്മിലുള്ള പടയില്‍ പരുക്കേറ്റു പിടയുന്നത് പ്രിയപത്നിയാണ്. നായകന്‍ വിഷണ്ണനാണ്. രാമനല്ലല്ലോ നീ രാജാവുമല്ലല്ലൊ, കേവലനാമൊരു മനുജന്‍ എന്ന് അശരീരി ഓര്‍മ്മപ്പെടുത്തുമ്പോള്‍ അത് വെറും അശരീരിയല്ല ആത്മവിലാപം തന്നെ. മറ്റുള്ളവരുടെ മുന്നില്‍ മുഖം രക്ഷിക്കുവാന്‍ സ്വന്തം ജീവിതം നഷ്ടപ്പെടുത്തുന്നവര്‍ക്കൊരു മുന്നറിയിപ്പും.

മറ്റൊരു സീതയെ കാട്ടിലേക്കയയ്ക്കുന്നു.

സംഗമം (1977)

ഈ ചിത്രത്തിലെ സീതാദേവി ശ്രീദേവി എന്ന ഗാനം അത്ര ജനപ്രിയമായില്ല എങ്കിലും എഴുപതുകളുടെ ഒടുവില്‍ മലയാള ചലച്ചിത്ര ഗാനങ്ങള്‍ ഗൌരവമായെടുത്തിരുന്നവര്‍ക്ക് ഈ ഗാനം ഒരു പ്രിയ ഗാനം തന്നെ. ഇതും പരദൂഷണത്തില്‍ പെട്ട് സങ്കടക്കടലില്‍ വീഴുന്ന സീതാദേവിയെപ്പറ്റിയാണ്. ശങ്കതോന്നിയ ശ്രീരാമന്‍ അവളെ കാട്ടില്‍ ഉപേക്ഷിക്കുന്നു. കൊടും കാട്ടില്‍ അവള്‍ അഭയമന്വേഷിച്ച് അലയുകയാണ്.

അയോധ്യ(1975)

രാമന്‍ ശ്രീരാമന്‍‘എന്ന ഗാനം തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് രാമനെക്കുറിച്ച് നമുക്ക് നല്‍കുന്നത്. ഭാര്യ നഷ്ടപ്പെട്ട നായകന്‍ സ്വയം രാമനായി ചിത്രീകരിക്കുന്നു. കൈകേയിയും മന്ധരയും കൂടി ചമച്ച കള്ളക്കളിയില്‍ അയാള്‍ക്ക്‌ കുടുംബം നഷ്ടപ്പെട്ടിരിക്കുന്നു. തെറ്റിദ്ധരിക്കപ്പെട്ട അനുജനും അയാളെ വിട്ടു പോയിരിക്കുന്നു. അയാള്‍ അയോധ്യ വിട്ട്, കാനനത്തില്‍ കൈവെടിഞ്ഞ തന്റെ പ്രിയ പത്നിയെത്തെടി അലയുകയാണ്. അവളെ കാണാനില്ല. അവന്റെ മാനസിക നിലതന്നെ തെറ്റിയിരിക്കുന്നു. വഴിനീളെ അവന്‍ പത്നിയെത്തിരഞ്ഞു പലരോടും ചോദിച്ചു പരിഹസിതനാകുന്നു. സഹോദരനെ തിരഞ്ഞു കണ്ണുനീര്‍ വാര്‍ക്കുന്നു.

രാമന്‍ ശ്രീരാമന്‍.

ഒരു സുന്ദരിയുടെ കഥ (1972)

മലയാള സിനിമാഗാനങ്ങളില്‍ വേറിട്ട്‌ നില്‍ക്കുന്ന ഒരു ഗാനമാണ് ഒരു സുന്ദരിയുടെ കഥ എന്ന ചിത്രത്തിലെ പി സുശീല പാടിയ വയലാര്‍ ദേവരാജന്‍ ഗാനമായ ‘സീതപ്പക്ഷി’ എന്ന ഗാനം. വയലാറിന്റെ കാല്‍പനിക ഭാവങ്ങള്‍ എഴുലോകങ്ങളും കടന്നു എഴാകാശവും കടന്നു ചക്രവാളങ്ങളില്‍ പാറിപ്പറക്കുന്ന സീതപ്പക്ഷിയായി മാറുന്നു. നായികയ്ക്ക് മനം നിറയെ വരാന്‍ പോകുന്ന നാളുകളുടെ നിറമാര്‍ന്ന സ്വപ്നങ്ങള്‍. അവയുടെ ബഹിര്സ്ഫുരണങ്ങളാണ് ഗാനമായിത്തീര്‌ന്നിരിക്കുന്നത് . ഏതു സാധാരണ പെണ്‍ കിടാവിന്റെയും വിവാഹസ്വപ്നങ്ങള്‍ , അവളുടെ പ്രിയതമനെ ചുറ്റിപ്പറ്റിയുള്ള പ്രണയ സല്ലാപങ്ങള്‍, ശ്രിംഗാര ചേഷ്ടകള്‍ , മധുവിധുനാളുകളുടെ മദിര പതഞ്ഞൊഴുകുന്ന പാനപാത്രം. കല്യാണ വില്ലുകുലച്ച് ചുണ്ട് കൊണ്ട് മുത്തണിയിച്ചു അവളെ സ്വന്തമാക്കാന്‍ രാമനെത്തും. നായകന്‍ രാമനെങ്കില്‍ നായിക സീതയല്ലാതെ മറ്റാര് ?

നമുക്ക് യഥാര്‍ത്ഥ സീതയിലേക്ക് തന്നെ തിരിച്ചു വരാം . മണ്ണിന്റെ മകളായ് ജനിച്ചു മണ്ണില്‍ മറഞ്ഞ സീത. ലോകത്തിനവള്‍ സഹനത്തിന്റെ മാതാവ്. പാതിവൃത്യത്തിന്റെ നേര്‍ചിത്രം. നന്മയുടെ മഞ്ജീരധ്വനി. യുഗങ്ങള്‍ക്കിപ്പുറത്തും അവളുടെ കണ്ണീരിന്റെ പുനര്‌ജന്മങ്ങളായി എത്രയോ സ്ത്രീകള്‍ ! അവളുടെ ഓര്മ ഉണരാതെ ദിനരാത്രങ്ങള്‍ ഇല്ല . ഭാരതം അവളെ ഇനിവരും യുഗങ്ങളില്‍ പോലും വാഴ്ത്തിപ്പാടും എന്നാണു ‘സീത’ എന്ന ചിത്രത്തിലെ ‘സീതേ ലോകമാതെ’ എന്നാ പി ബി ശ്രീനിവാസ് ഗാനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

സീതാ കല്യാണ വൈഭൊഗമെ എന്നാ മംഗള ഗാനം പല ചലച്ചിത്രങ്ങളിലും വിവാഹരംഗങ്ങളില്‍ കേള്‍ക്കാം. ഭാരതത്തില്‍ ഭാര്യാഭര്‍തൃ സങ്കല്‍പ്പത്തില്‍ സീതാരാമാന്മാരെ കവിഞ്ഞു മറ്റാരുമില്ല. അവരെപ്പോലെ പരസ്പരം സ്നേഹിച്ചു ജീവിക്കാനുള്ള പ്രാര്‍ഥനയാണ് ഈ ഗാനം.

പതി തന്നെ പരദൈവം എന്ന് ജപിച്ചു ജീവിച്ചു പരീക്ഷണങ്ങളില്‍ മാത്രം അകപ്പെട്ടു, അവസാനം പതിയാല്‍ പരിത്യക്തയായി പ്രാണന്‍ ഉപേക്ഷിച്ച സീതയെ ആധുനിക പെണ്‍കുട്ടികള്‍ക്ക് അത്ര മതിപ്പ് കാണില്ല . ഒരു ജീവിതം ലഭിച്ചതില്‍ രക്തസാക്ഷിയാകാന്‍ അവര്‍ തയാറാകുമോ എന്ന് ഉറപ്പില്ല . എങ്കിലും സീത സീതയാണ്. അവള്‍ക്കു തുല്യയായി ലോക ചരിത്രത്തില്‍ തന്നെ ആരുമില്ല . കണ്ണുനീരിനും ദുഃഖത്തിനും പര്യായമായി അവള്‍ നിതാന്തയായി നിലകൊള്ളുന്നു.

20 thoughts on “മലയാള സിനിമാഗാനങ്ങളിലെ സീതാദേവി.

  1. Alayum Kattin Hridayam, Arayal kombil thengee….is another song featuring Seetha and Raman , especially in Anupallavi….Vaidehi yathrayaayi, Vanavasa kalamaayi…..Kaithaparam’s lines.

  2. Dear Cini Matters,
    I saw the write up.It sounds good and different.The pic is not that of Kushala Kumari.It is another actress.She was a cine dancer.I think she has danced in “kannil kaama baanam”-LR Eswary song in Velutha Kathrina.Pls check with it and change if my finding is appealing to you.
    And regarding songs…I think there is a song in Othenante Magan screening Rakki(Ragini) narrating on Seetha who is deserted by Raman…Would be good it was added…

    1. Dear Manu,
      THank you for writing in. The article is by Devi, and she deserves all the praise, not me. 🙂 Kusalakumari, an acclaimed dancer of her times in almost all South Indian films was also the lead actor in Udaya’s Sita (1960), who also, if I recall right had a role in Sree Guruvayurappan(1964). Kusalakumari played the title role of Sita in the Udaya production, and the image is a screengrab from the movie, a copy of which I have, and you could buy a copy here . Here is the Cast from the movie as per its song book. https://oldmalayalamcinema.files.wordpress.com/2013/04/sita-1960-udaya-songbook.jpg And yes, it is the very same Kusalakumari dancing in Velutha Kathreena. Hope this clarifies. Thanks, cinematters

      1. Dear Manu,

        Have replaced it with another screenshot of the actress from the movie. I hope this is the right Kusala Kumari that can stay undisputed 🙂 Thanks so much, regards, cinematters.

        1. Okkay…thanx for replacing the picture.People should not struck with wrong information.That is why I asked to clarify …if s or not both can rectify!!
          Ms.Kushala Kumary was a beautiful actress ,but as she was short she didnt pair Naseer Uncle anymore (after Seetha).She is a talented dancer .I have a few more pic of here and will post soon

  3. Walking in style….the way you are presenting your views can’t get another apt title. Attracting the attention of commons using the most popular tools and delivering your thoughts directly to them. Efforts taken to collect these old songs with a common content really deserves appreciation.ഒരു സ്ത്രീ പക്ഷ മനസ്സിന്റെ സൌമ്യമായ വെളിപ്പെടല്‍ ആണ് വരികള്‍ക്കിടയില്‍ അനുഭവപ്പെട്ടത്. മലയാള ഗാന ശാഖയില്‍ പലപ്പോഴായി അവതരിപ്പിക്കപ്പെട്ട സീതാ ദേവിക്ക്, ദുഃഖ പുത്രിയുടെ പരിവേഷം മാത്രമാണ് ചാര്ത്തപ്പെട്ടിട്ടുള്ളത്. സീതാ കല്യാണ വൈഭോഗമേ എന്ന് ചൊല്ലി മംഗല്യ സിന്ദൂരം ചാര്ത്തുമ്പോളും ആരും ആഗ്രഹിക്കുന്നില്ല ആ ജീവിതം, ഭാരതീയ സ്ത്രീത്വ സങ്കല്പത്തിന്റെ പര്യായമായി അവതരിപ്പിക്കുമ്പോഴും ,പരിത്യജിക്കപ്പെടുന്ന ബിംബം. ഓരോ ഗാനവും അത് പുറത്തിറങ്ങിയ കാലത്തിന്റെ കണ്ണാടി കൂടിയാണ്.അത് കൊണ്ട് തന്നെ ഈ ഗാനങ്ങളിലൂടെ സീതാദേവിയുടെ സ്ഥാനം തിരയുന്നതിനോടൊപ്പം, ഭാരത സ്ത്രീകളുടെ ജീവിത പരിണാമത്തെ കൂടി, കൂട്ടി യോജിപ്പിക്കാം എന്ന് തോന്നുന്നു…വളരെ നല്ല ശ്രമത്തിനും, അതിനു ഉപയോഗപ്പെടുത്തിയ രീതിക്കും ഒരിക്കല്‍ കൂടി അഭിനന്ദനം അറിയിക്കുന്നു..

  4. Dear Devoos
    You can also add the song manassil tee naalam eriyumbozhum from the Film Hrudayam Oru Kshetram written by Sreekumaran Thampi and tuned by G Devarajan. In the Anupalli, there is a line ….Tretaayugathil raamanaam ninakkai seetayayi agniyil kadannaval njaan… Thanks for selecting a theme and elaborating it with the songs like suzy was contributing with her articles here. Expecting more and more from you

    Sajith Bhaskaran

  5. beautiful! oru Seethaayanam muzhuvan vaayicha pole. i don’t think any other women in legend has gone through so much as seetha, for no fault of hers and no other couple suffered as much. yet we continue to play ‘seetha kalyana vaibhogama’ at weddings and continue to name our daughters after this paragon of virtue…

  6. what a wonderful write-up. And the Vayalar in me prompts me to say “Devi…Sreeedevi…I bow my head before you.

  7. That was a good write up Devi. Almost all the stages of Sita Devi has been covered!!! That’s when we realize the treasure we have in our film music.Thanks a lot!!!

  8. മനോഹരമായ പഠനം !! പെട്ടെന്ന് ഒരു ഗാനം ഓര്മ വരുന്നു. പക്ഷെ സിനിമ ഗാനമല്ല . രാമായണ കിളി ശാരിക പൈങ്കിളി … ശിംശിപ വൃക്ഷ ചുവട്ടില്‍ ഇരിക്കുന്ന വിരഹിണിയുടെ ആ ഗാനം ഏതെങ്കിലും സിനിമാക്കാര്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ….
    ഓരോ ഗാനങ്ങളും മലയാളഗാന ശാഖയിലെ മുത്തുകളും പവിഴങ്ങളും തന്നെ.. ഇനിയും ഒരുപാടു പ്രതീക്ഷിക്കുന്ന ദേവിയുടെ ദൈവം തൊട്ട വിരലുകളില്‍ നിന്ന് …..

    1. Thank you Jay. I think this song must find its place in this write up regardless of being a non filmy one. This is anyway a gem in malayalam music that any music lover would like to cherish. Will try to add a small note on this song as well.

What do you think ?

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.