From Deshabhimani.com | Madhu on his Early years, Thakazhi and Chemmeen.

{ Thank you Jay, for sending it across }
Madhu and Sheela in Chemmeen (1965)

പരീക്കുട്ടിയുടെ ജീവിതത്തില്‍നിന്ന്.

എന്‍ എസ് സജിത്.

തകഴിയുടെ ചലച്ചിത്രമാക്കപ്പെട്ട പ്രശസ്ത കൃതിയാണ് ചെമ്മീന്‍. അതിലെ ഒരു പ്രധാന നടനായിരുന്നു താങ്കള്‍. എങ്ങനെ ഓര്‍ക്കുന്നു അക്കാലം.

എന്റെ തുടക്കകാലമായിരുന്നു അത്. എന്നെ സിനിമയിലേക്ക് കൊണ്ടുവന്നതും വളര്‍ത്തിയതും രാമു കാര്യാട്ട് ആണ്. അദ്ദേഹം ക്ഷണിച്ചപ്പോള്‍ സന്തോഷം തോന്നി. ചെറുപ്പക്കാരനായ ബാബു ആയിരുന്നു നിര്‍മാതാവ്. ബാബുവിന് ഞാന്‍ ആ റോള്‍ ചെയ്യണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അക്കാലത്തായിരുന്നു എന്റെ വിവാഹം. എനിക്കത് വിവാഹസമ്മാനം പോലെ തോന്നി- 1964ല്‍. രണ്ടു വര്‍ഷമേ ആയുള്ളൂ സിനിമയില്‍ വന്നിട്ട്. ഹൈസ്കൂളില്‍ പഠിക്കുമ്പോഴേ ചെമ്മീനും പരീക്കുട്ടിയും മനസ്സിലുണ്ടായിരുന്നു. അഭിനയത്തിലും വായനയിലും താല്‍പര്യമുള്ള എന്നെപ്പോലെ അനേകം പേര്‍ ഈ കഥാപാത്രത്തെ മോഹിച്ചിരുന്നു.

തകഴി ചെമ്മീന്റെ സെറ്റില്‍ വരാറുണ്ടായിരുന്നോ?

തകഴിച്ചേട്ടന്‍ സ്ഥിരമായി വന്ന് മെനക്കെടാറില്ല. ഇടയ്ക്കിടെ വരാറുണ്ട്.

ഭാഷ വെല്ലുവിളിയായോ ?

നടന്‍ അത്തരം വെല്ലുവിളി തീര്‍ച്ചയായും ഏറ്റെടുക്കണം. പഠിച്ച് ചെയ്തേ തീരൂ. മാത്രവുമല്ല, എനിക്ക് കടപ്പുറത്തെ ഭാഷ ആയിരുന്നില്ല. ആലപ്പുഴ മുസ്ലിമിന്റെ ഭാഷയായിരുന്നു.

സാഹിത്യസൃഷ്ടികള്‍ സിനിമയാക്കുന്ന കാലത്തായിരുന്നു താങ്കളുടെ തുടക്കം. ചങ്ങമ്പുഴ, ഉറൂബ്, പാറപ്പുറത്ത്, എസ് കെ പൊറ്റെക്കാട്ട്, എം ടി വാസുദേവന്‍ നായര്‍, ജി വിവേകാനന്ദന്‍ തുടങ്ങിയവരുടെ സൃഷ്ടികളെ അധികരിച്ചു സിനിമകളുണ്ടായി. അതിലൊക്കെ അഭിനയിക്കാനും കഴിഞ്ഞു.

അതൊരു ഭാഗ്യമാണ്. മലയാളത്തിലെ ഏറ്റവും നല്ല എഴുത്തുകാരുടെ മികച്ച കഥാപാത്രങ്ങളെ അഭിനയിക്കാന്‍ കഴിഞ്ഞു. ഈ കഥാപാത്രങ്ങള്‍ അടിപിടിവീരന്മാരും നൃത്തകോവിദന്മാരുമല്ല. ഇമേജുള്ളവരല്ല, സാധാരണ മനുഷ്യരായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് ഇമേജ് ഉണ്ടായിരുന്നു. പലതും സിനിമാ ഹീറോ ക്യാരക്ടേഴ്സ് അല്ല, മനുഷ്യരായിരുന്നു അവര്‍. എല്ലാ തെറ്റുകളും ശരികളും ഉള്‍ക്കൊള്ളുന്ന ദുഷ്ടന്മാരും ക്രൂരന്മാരും പാവങ്ങളും ഒക്കെ.

സത്യന്‍, നസീര്‍, മധു എന്ന ത്രിമൂര്‍ത്തികളില്‍ ഒരാളായാണ് പുതിയ തലമുറ താങ്കളെ കാണുന്നത് ?

എന്നെ അതില്‍ പെടുത്തുന്നതില്‍ അപാകതയുണ്ട്. സത്യന്‍സാറും നസീറും വന്ന് 12 വര്‍ഷം കഴിഞ്ഞാണ് ഞാന്‍ സിനിമയിലെത്തുന്നത്. ആദ്യം തിക്കുറിശ്ശി മാത്രമായിരുന്നു. പിന്നെ ഇവര്‍ വന്നു. അതിനുശേഷമാണ് ഞാന്‍. സത്യന്‍ സാറിനെയും നസീറിനെയും സീനിയറായാണ് കാണുന്നത്.

താങ്കള്‍ നിര്‍മാതാവായപ്പോഴും നല്ല കഥകളാണ് ചലച്ചിത്രങ്ങളാക്കിയത് .

ഒരു നടന്‍ എന്ന നിലയില്‍ എന്തു ചെയ്യാനാവുമെന്നാണ് ഞാന്‍ ശ്രമിച്ചത്. സ്വയം ഗ്ലോറിഫൈ ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. അതുകൊണ്ടായിരിക്കാം നടന്‍ എന്ന നിലയ്ക്ക് ജനം എന്നെ ഇഷ്ടപ്പെടുന്നത്. ഞാന്‍ കഥാപാത്രമല്ല. കഥാപാത്രവും നടനും രണ്ടും രണ്ടാണ്. അന്നത്തെ പല നോവലുകളും ഞാന്‍ വായിച്ചിരുന്നു. കുറേക്കാലം നാടകവുമായി നടന്നു. അതുകഴിഞ്ഞ് ഡല്‍ഹിയില്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ (എന്‍എസ്ഡി)യില്‍ അഭിനയം പഠിച്ചു. എന്റെ മനസ്സില്‍ താരമല്ല, നടനായിരുന്നു. വ്യത്യസ്തമായി ചെയ്യാനാവുമെന്നത് സന്തോഷകരമാണ്. ഏറ്റവും ഒടുവില്‍ സ്പിരിറ്റിലും വ്യത്യസ്തമായ കഥാപാത്രമാണ്. അമ്പതുവര്‍ഷത്തെ ചരിത്രത്തില്‍ എനിക്കത് വളരെ വ്യത്യസ്തമായ കഥാപാത്രമാണ്. വല്ലാത്ത ട്വിസ്റ്റാണ് ആ കഥാപാത്രത്തിന്.

കഥകള്‍ സിനിമയാവും മുമ്പേ വായിച്ചിരുന്നല്ലോ ?

തീര്‍ച്ചയായും. നോവലിലെ കഥാപാത്രങ്ങള്‍ സുപരിചിതരായിരുന്നു. ചെമ്മീന്‍ രാമു കാര്യാട്ടിന്റെ കൈയില്‍ ഭദ്രമായിരുന്നു. ഓരോ കഥാപാത്രത്തിനും മിഴിവുണ്ടായിരുന്നു. വലപ്പാടായിരുന്നു ഷൂട്ടിങ്. അതിനു പിന്നില്‍ ഒരു കഥയുണ്ട്. അമ്പലപ്പുഴ കടപ്പുറമായിരുന്നു ആദ്യം തെരഞ്ഞെടുത്തത്. അവിടെ ഷൂട്ടിന് ചെന്നപ്പോള്‍ ജനങ്ങള്‍ സഹകരിച്ചില്ല. ഷൂട്ട് ചെയ്യാന്‍ കഴിയാത്ത സ്ഥിതി. മുസ്ലിം ചെറുപ്പക്കാരന്‍ വിവാഹിതയായ യുവതിയുമായി ബന്ധം സ്ഥാപിക്കുന്നത് അപമാനകരമായി അവര്‍ക്ക് തോന്നിയതുകൊണ്ടാവാം. പിന്നെ തൃശൂര്‍ വലപ്പാട്ടേക്ക് പോയി. ചേറ്റുവയും നാട്ടികയുമൊക്കെ കാര്യാട്ടിന് സ്വന്തം സ്ഥലമാണ്. പിന്നെ കേരളത്തിലെ കടപ്പുറങ്ങള്‍ എല്ലാം ഒരു പോലെയാണല്ലോ. ഷൂട്ടിങ് കുറേദിവസമെടുത്തു. ബാക്കി പണി മദിരാശി ജെമിനി സ്റ്റുഡിയോയിലും. നാട്ടികക്കാര്‍ക്ക് ഇപ്പോഴും അതില്‍ സന്തോഷമാണ്. ഷൂട്ട് ചെയ്ത സ്ഥലത്ത് ഞങ്ങള്‍ അവിടെ ചെന്നാല്‍ ഇപ്പോഴും ഒരു മഹോത്സവം പോലെയാണ്. നാട്ടുകാര്‍തന്നെ എല്ലാം ഏറ്റെടുക്കും.

സിനിമയുടെ അണിയറയില്‍ മാര്‍കസ് ബര്‍ട്ലിയും ഹൃഷികേശ് മുഖര്‍ജിയും സലില്‍ ചൗധരിയും ഒക്കെ ഉണ്ടായിരുന്നല്ലോ ?

അവിടെയാണ് കാര്യാട്ടിലെ മഹാനായ സംഘാടകനെയും സംവിധായകനെയും കാണേണ്ടത്. ഇവിടെ നല്ല ആര്‍ടിസ്റ്റുകള്‍ ഇല്ലാഞ്ഞിട്ടല്ല. അദ്ദേഹത്തിന് ഇത് സിനിമയാക്കാമെന്ന ആശയം കിട്ടിയത് സുനില്‍ദത്തില്‍ നിന്നാണ്. ദത്ത് ചെമ്മീന്‍ നോവലുമായി ബോംബെയില്‍ ചെന്നപ്പോള്‍ സിനിമായാക്കേണ്ടെന്ന് പലരും നിര്‍ദേശിച്ചു. ഹിന്ദു- മുസ്ലിം കലാപമുണ്ടാവുമെന്ന ഭയമായിരിക്കാം കാരണം. ദത്ത് ചിത്രം നിര്‍മിക്കാനാണ് ഉദ്ദേശിച്ചത്. അപ്പോഴാണ് കണ്‍മണി ഫിലിംസിന്റെ സ്വാമി രംഗത്തെത്തുന്നത്. സ്വാമി അതിനു മുമ്പ് പകല്‍ക്കിനാവ് നിര്‍മിച്ചിരുന്നു. അതില്‍നിന്ന് പ്രയോജനമുണ്ടായില്ല. കഥ കേട്ടപ്പോള്‍ സ്വാമി പിന്‍വാങ്ങി. അന്ന് ബാബു സേട്ടിന് 18 വയസ്സായിട്ടില്ല. ചെക്ക് ഒപ്പിടാന്‍ വയ്യ. ബാബുവിന് 18 വയസ്സായ ശേഷമാണ് ഷൂട്ടിങ് തുടങ്ങിയത്. അങ്ങനെ ഒരു പാട് കഥകളുണ്ട്. സിനിമ ഇന്ത്യയിലെ എല്ലാ ഭാഷകളിലേക്കും മൊഴിമാറ്റി. ഇംഗ്ലീഷിലും റഷ്യനിലുമടക്കം. ഹൃഷികേശ് മുഖര്‍ജിയെയും മന്നാഡെയെയും ബര്‍ട്ലിയെയും സലില്‍ദായെയും കൊണ്ടുവന്നതിന് പിന്നില്‍ ഇന്ത്യയിലെ മികച്ച പ്രതിഭകളെ ഈ സിനിമയില്‍ പങ്കാളിയാക്കണമെന്ന കാര്യാട്ടിന്റെ നിര്‍ബന്ധമായിരുന്നു. സംഭാഷണം എസ് എല്‍ പുരം സദാനന്ദന്റെതായിരുന്നു. ഗാനങ്ങള്‍ വയലാറിന്റെയും. എല്ലാറ്റിലുമുപരി ആദരണീയനായ തകഴിയുടെ നോവലും. ഈ പ്രതിഭകള്‍ക്കിടയില്‍ വലിയ വിലയൊന്നുമില്ലാത്ത ആള്‍ ഞാനായിരുന്നു. എന്റെ രണ്ടാം സിനിമ. 1962ല്‍ നിണമണിഞ്ഞ കാല്‍പ്പാടുകളാണ് ആദ്യചിത്രം. പരീക്കുട്ടിയെ ഞാന്‍ അവതരിപ്പിക്കണമെന്ന് ബാബുവിനും താല്‍പര്യമുണ്ടായിരുന്നു. വേറേതെങ്കിലും നിര്‍മാതാവായിരുന്നെങ്കില്‍ ആ റോളിന് നസീറിനെ ആവും വിളിക്കുക. എനിക്ക് കാര്യാട്ടിനോട് ആദരവും കടപ്പാടുമൊക്കെയിരുന്നു. ഈ കഥാപാത്രത്തിന് ഞാനാണ് യോജിക്കുക എന്ന് അദ്ദേഹത്തിന് തോന്നിക്കാണും. ഞാന്‍ നടനെന്ന നിലയില്‍ അതില്‍ വലുതായിട്ടൊന്നും അഭിനയിച്ചിട്ടില്ല. ഒരു നേര്‍വര പോലുള്ള അഭിനയം മാത്രം. എല്ലാ ക്രെഡിറ്റും തകഴിച്ചേട്ടനും കാര്യാട്ടിനുമാണ്. മെലിഞ്ഞ് അല്‍പ്പം അവശനായ മുസ്ലിം ചെറുപ്പക്കാരനായി ഞാന്‍ യോജിക്കുമെന്ന് അവര്‍ക്ക് തോന്നിക്കാണും. അത് ആര് അഭിനയിച്ചാലും നന്നാവുമായിരുന്നു. എന്റെ ഭയങ്കര കഴിവുകൊണ്ടാണ് പരീക്കുട്ടി പരീക്കുട്ടി ആയതെന്ന് കരുതുന്നില്ല. ദൈവാധീനം കൊണ്ട് ഇങ്ങനെയൊക്കെ ആയി.

തകഴിയുടെ മറ്റ് പല സൃഷ്ടികളും സിനിമകളാക്കിയപ്പോഴും താങ്കളായിരുന്നല്ലോ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ?

ഏണിപ്പടികള്‍, നുരയും പതയും, ചുക്ക് എന്നീ സിനിമകളിലും അഭിനയിക്കാന്‍ അവസരമുണ്ടായി. പരീക്കുട്ടിയുമായി മറ്റുകഥാപാത്രങ്ങള്‍ക്ക് ഒരു ബന്ധവുമില്ല. ഏണിപ്പടികള്‍ മറ്റൊരു അന്തരീക്ഷത്തിലാണ്. നിലനില്‍പ്പിനുള്ള പോരാട്ടത്തിലാണ് അതിലെ കേശവപിള്ള. ജീവിതത്തിന്റെ ഏണിപ്പടികള്‍ കയറാന്‍ സ്നേഹിച്ച പെണ്ണിനെ ഉപയോഗിക്കാന്‍പോലും തയ്യാറാവുന്ന കഥാപാത്രം. ചുക്കില്‍ നായകന്‍ ക്രിസ്ത്യാനിയായ കച്ചവടക്കാരനാണ്.

ചെമ്മീനിന്റെ ഷൂട്ടിങ് സമയത്താണോ ആദ്യമായി തകഴിയെ കാണുന്നത്?

തകഴിയെ കോളേജിലെ ചടങ്ങുകള്‍ക്കു വരുമ്പോള്‍ കണ്ടിട്ടുണ്ട്. വലിയ പരിചയമൊന്നും ഇല്ലായിരുന്നു. ഡല്‍ഹിയില്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ച കാലത്ത് അദ്ദേഹവുമായി പല തവണ കണ്ട് സംസാരിച്ചു. തകഴിക്ക് എന്നോട് വാത്സല്യമായിരുന്നു. ഇവന്‍ എന്റെ മോനാണെന്ന് ആലപ്പുഴയിലെ ഒരു ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. ഇവനെ നടനാക്കിയത് താനാണെന്ന് പറയുമായിരുന്നു. പരീക്കുട്ടിയുടെ അനുഭവംകൊണ്ടാണ് അങ്ങനെ പറഞ്ഞത്.

എന്‍എസ്ഡിയിലേക്ക് എത്തുന്നതെങ്ങനെയാണ് ?

അന്ന് എന്‍എസ്ഡി മണ്ഡി ഹൗസിലേക്ക് മാറ്റിയിട്ടില്ല. കൈലാഷ് കോളനിയിലായിരുന്നു. സംഗീതനാടക അക്കാദമിക്ക് കീഴില്‍ ആദ്യമായാണ് നാടകം പഠിപ്പിക്കുന്ന സ്ഥാപനം തുടങ്ങുന്നത്. രാജ്യത്തെ ആദ്യസ്ഥാപനം. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന നാടകത്തിന് മാത്രമായുള്ളത്. അന്ന് ഞാന്‍ നാഗര്‍കോവില്‍ സ്കോട്ട് ക്രിസ്ത്യന്‍ കോളേജില്‍ ഹിന്ദി അധ്യാപകനായിരുന്നു. യാദൃശ്ചികമായാണ് എന്‍എസ്എഡിയുടെ പരസ്യം കാണുന്നത്. അപേക്ഷ നല്‍കി. വെക്കേഷന്‍ കാലത്താണ് ഇന്റര്‍വ്യൂവിന് വിളിച്ചത്. പോയി, സെലക്ഷന്‍ കിട്ടി. 250 രൂപയാണ് സ്റ്റൈപ്പെന്‍ഡ്. എന്റെ കോളേജിലെ ശമ്പളത്തിന്റെ പകുതി മാത്രം. എങ്കിലും ഇന്നത്തെ കാല്‍ ലക്ഷം രൂപയിലേറെ മതിക്കും അന്നത്തെ 250. വീട്ടുകാര്‍ക്ക് സംഭവമൊന്നും മനസ്സിലായില്ല. അറിഞ്ഞപ്പോള്‍ വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും എതിര്‍ത്തു. കോളേജ് അധ്യാപകന്റെ പണി കളഞ്ഞ് നാടകം പഠിക്കാന്‍ പോകുന്നത് ആരും ഇഷ്ടപ്പെട്ടില്ല. നാഗര്‍കോവിലില്‍ പഠിപ്പിക്കാന്‍ പോയതിലും കാര്യമുണ്ട്. നാട്ടിലെ കോളേജിന്റെ ഇരട്ടി ശമ്പളം. നാട്ടിലുള്ളതിന്റെ പകുതി മാത്രം ചെലവും. മാത്രമല്ല, അച്ഛന്റെ നാട് മാര്‍ത്താണ്ഡത്ത് പത്മനാഭപുരം കൊട്ടാരത്തിനടുത്താണ്. ജോലി നഷ്ടപ്പെടുത്തുന്നതിലായിരുന്നു എല്ലാവര്‍ക്കും പ്രശ്നം. യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ബി എ ഹിന്ദി പാസായ ശേഷം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍നിന്നാണ് എം എ എടുത്തത്. പഠനം കഴിഞ്ഞ് പാരലല്‍ കോളേജ് തുടങ്ങാനായിരുന്നു പദ്ധതി. എം എ ഹിന്ദിക്കാര്‍ക്ക് ക്ഷാമമുള്ള അക്കാലത്ത് കോളേജുകളില്‍ ചേരാമായിരുന്നിട്ടും എനിക്ക് പാരലല്‍ അധ്യാപകനാവാനായിരുന്നു താല്‍പര്യം. പാറ്റൂര്‍ ജങ്ഷനിലായിരുന്നു പാരലല്‍ കോളേജ്.

നാടകപ്രവര്‍ത്തനം സമാന്തരമായി കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നില്ലേ ?

തീര്‍ച്ചയായും. നാടകത്തില്‍ താല്‍പര്യമുള്ളവര്‍ക്കായി ഒരു സ്ഥാപനം തുടങ്ങണമെന്നും താല്‍പര്യമുണ്ടായിരുന്നു. അമച്വര്‍ നാടകപ്രവര്‍ത്തകര്‍ക്ക് നാടകം പഠിക്കാനും തയ്യാറാക്കാനും അവതരിപ്പിക്കാനുമുള്ള വേദിയായിരുന്നു ലക്ഷ്യം. ഒരു വാന്‍ വാങ്ങി കുറെ നാടകപ്രവര്‍ത്തകരുമായി പല നാട്ടിലും ചെന്ന് അന്ന് സജീവമായിരുന്ന കലാസമിതികളില്‍ അവതരിപ്പിക്കണമെന്നായിരുന്നു സ്വപ്നം. പക്ഷേ വര്‍ഷം അമ്പതു കഴിഞ്ഞിട്ടും അത് സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു. നാടക ഇന്‍സ്റ്റിറ്റ്യൂട്ടും പാരലല്‍ കോളേജും ഇപ്പോഴും യാഥാര്‍ഥ്യമായിട്ടില്ല.

താല്‍പര്യമുള്ള ആളുകളെ കിട്ടാത്തതായിരുന്നോ പ്രശ്നം ?

അല്ല, എന്‍എസ്ഡിയിലെ പഠനം കഴിഞ്ഞു വന്നതുതന്നെ സിനിമാക്കാരനായാണ്. എന്‍എസ്ഡിയില്‍ രണ്ടു വര്‍ഷമായിരുന്നു പഠനം. ആദ്യ മൂന്നു റാങ്കുകാരെ പ്രൊഡക്ഷനില്‍ സ്പെഷ്യലൈസേഷന് തെരഞ്ഞെടുക്കുന്ന പതിവുണ്ട്. ആദ്യമൂന്നു റാങ്കില്‍പ്പെട്ടതിനാല്‍ എനിക്കും അവസരം കിട്ടി. പഞ്ചാബിയായ ഗുല്‍ഷന്‍ കപൂറും ഗുജറാത്തിയായ കേല്‍ക്കറും ആയിരുന്നു മറ്റുള്ളവര്‍. അന്ന് ഷീലാ വത്സ് ആയിരുന്നു എന്‍എസ്ഡി ഡയരക്ടര്‍. അല്‍ക്കാസി വരുംമുമ്പാണത്. അല്‍ക്കാസി വന്നിരുന്നെങ്കില്‍ ഞാന്‍ സിനിമാ നടനാവുമായിരുന്നില്ല. അല്‍ക്കാസി സൃഷ്ടിച്ചതൊക്കെ കൊച്ചു കൊച്ചു അല്‍ക്കാസിമാരെയാണ്. കണ്ണട വേണ്ടെങ്കിലും കണ്ണട വയ്ക്കുക, കാലിന്റെ മേല്‍ കാലിട്ടിരിക്കുക, മറ്റേതോ ഭാഷയില്‍ സംസാരിക്കുക എന്നതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ രീതി. അതൊക്കെ ആയിപ്പോകുമായിരുന്നു ഞാനും. അതുണ്ടായില്ല. ആ സ്റ്റൈലൈസ്ഡ് രീതി അദ്ദേഹം മഹത്തായ രീതിയില്‍ ചെയ്യുമായിരുന്നു. മറ്റുള്ളവര്‍ അതു ചെയ്യുമ്പോള്‍ “എന്തിരന്‍” പോലെയായിപ്പോവും.

Ebrahim Alkazi in BBC’s Face to Face, anchored by Karan Thapar.

ഡല്‍ഹിയില്‍ മലയാളി അസോസിയേഷനുമായി നല്ല അടുപ്പമായിരുന്നു. പ്രൊഡക്ഷന്റെ ചെലവുമുഴുവന്‍ എന്‍എസ്ഡി ഏറ്റെടുക്കും. ഡല്‍ഹി കോര്‍പറേഷന്‍ എല്ലാവര്‍ഷവും 18 ഭാഷകളില്‍ നാടകമത്സരം നടത്താറുണ്ടായിരുന്നു. ജി ശങ്കരപ്പിള്ളയുടെ “മെഴുകുതിരി” എന്ന നാടകം അവതരിപ്പിച്ചു. റോസ്കോട്ട് കൃഷ്ണപിള്ളയും ലക്ഷ്മി കൃഷ്ണമൂര്‍ത്തിയുമൊക്കെയാണ് അഭിനയിച്ചത്. അടൂര്‍ ഭാസിയുടെ മച്ചുനാണ് കൃഷ്ണപിള്ള. ആകാശവാണിയില്‍ ന്യൂസ് റീഡറായിരുന്ന ലക്ഷ്മി പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അന്നത്തെ മത്സരത്തില്‍ ഞങ്ങള്‍ എല്ലാ വിഭാഗത്തിലും ഒന്നാമതായി. “വിശറിക്ക് കാറ്റുവേണ്ട” ആയിരുന്നു രണ്ടാമത്തെ പ്രൊഡക്ഷന്‍. ഇതില്‍ രണ്ടിലും ഞാന്‍ പ്രൊഡ്യൂസറും ഡയരക്ടറുമായിരുന്നു. ഇപ്പോള്‍ എന്‍എസ്ഡി അധ്യാപകനായ അഭിലാഷിന്റെ അച്ഛന്‍ കെ എന്‍ കെ പിള്ളയായിരുന്നു “വിശറിക്കു കാറ്റുവേണ്ട“യിലെ നായകന്‍. ഡല്‍ഹിയില്‍ ഒരേ തിയേറ്ററില്‍ രണ്ടു ദിവസം തുടര്‍ച്ചയായി അവതരിപ്പിക്കാന്‍ കഴിഞ്ഞു. മലയാളി അസോസിയേഷനിലെ അംഗങ്ങളായിരുന്നു മറ്റു അഭിനേതാക്കള്‍. പിന്നെ ഓംചേരിയുമായി ചേര്‍ന്ന് മറ്റൊരു നാടകം ചെയ്തു. താല്‍ക്കത്തോറാ ഗാഡന്‍സില്‍ എന്തു നാടകമുണ്ടായാലും പോകും. ലോധി ഗാഡന്‍സിലായിരുന്നു താമസം. അക്കാലത്താണ് “മുടിയനായ പുത്രന്” അവാര്‍ഡ് വാങ്ങാന്‍ രാമു കാര്യാട്ട് ഡല്‍ഹിയിലെത്തിയത്. വൈഎംസിഎ ഹാളില്‍ കാര്യാട്ടിന് സ്വീകരണം. ഈ വിവരം ഞാന്‍ അറിഞ്ഞിരുന്നില്ല. ഒരു സര്‍ദാര്‍ജി ഇന്ത്യന്‍ എക്സ്പ്രസ് പത്രം വായിക്കുമ്പോള്‍ എത്തി നോക്കിയപ്പോള്‍ ഇതെക്കുറിച്ചുള്ള വാര്‍ത്ത യാദൃച്ഛികമായി കാണാനിടയായി. അങ്ങനെ വൈഎംസിഎ ഹാളില്‍ എത്തി. തോപ്പില്‍ഭാസിയെയും കാണാം. അമച്വര്‍ നാടക പ്രവര്‍ത്തനകാലത്തേ അദ്ദേഹവുമായി അടുപ്പമുണ്ട്. കാര്യാട്ടിനെ ആദ്യമായാണ് കാണുന്നത്. നാടകത്തില്‍ മാത്രമാണോ സിനിമയില്‍ താല്‍പര്യമില്ലേ എന്ന് കാര്യാട്ട് ചോദിച്ചു. അഭിനയത്തില്‍ താല്‍പര്യമുണ്ടെന്ന് ഞാന്‍ മറുപടി പറഞ്ഞു. പാട്ടു മാത്രമേ അന്നത്തെ സിനിമിയിലുണ്ടായിരുന്നുള്ളൂ. മറ്റെല്ലാം മഹാബോറായിരുന്നു. പാട്ട് ഇന്നത്തെ അത്ര ബോറല്ല താനും. സാങ്കേതികമായി അന്ന് മലയാള സിനിമ വളരെ താഴെയായിരുന്നു. പുതിയ സിനിമ തുടങ്ങുന്നതായി കാര്യാട്ട് പറഞ്ഞു. ഒരു റോള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്നും ചോദിച്ചു. പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. കോഴ്സ് കഴിയാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. കോഴ്സ് കഴിഞ്ഞ് മദിരാശിയില്‍ ചന്ദ്രതാര സ്റ്റുഡിയോയില്‍ വരാന്‍ പറഞ്ഞു. മെയ്ക്കപ്പ് ടെസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചു. അങ്ങനെ മദ്രാസിലെത്തി മെയ്ക്കപ്പ് ടെസ്റ്റ് എന്ന ഔപചാരികതക്ക് തയ്യാറായി. “നിണമണിഞ്ഞ കാല്‍പ്പാടുകളു“ടെ ഒരുക്കമായിരുന്നു. മെയ്ക്കപ്പ് ടെസ്റ്റ് കഴിഞ്ഞു, ഷോട്ട് എടുത്ത് മടങ്ങി. അപ്പോള്‍ ശോഭനാ പരമേശ്വരന്‍ നായര്‍ വന്നു പറഞ്ഞു. “നിണമണിഞ്ഞ് കാല്‍പ്പാടുകള്‍” എന്ന സിനിമയില്‍ ഒരു റോള്‍ ചെയ്യണമെന്ന്. അതാണ് ആദ്യം പുറത്തിറങ്ങിയ പടം.

അതോടെ മാധവന്‍ നായര്‍ എന്ന നാടകക്കാരന്‍ മധു എന്ന സിനിമാ നടനായി. നിണമണിഞ്ഞ കാല്‍പ്പാടുകളിലെ ടൈറ്റില്‍സില്‍ മാധവന്‍നായര്‍ എന്ന പേര് കാണാത്തതിനെക്കുറിച്ച് ഒരു കഥയുണ്ടല്ലോ.

അതെ. പിന്നെയുള്ള കഥ എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. അന്ന് ടൈറ്റില്‍സില്‍ മാധവന്‍ നായര്‍ എന്ന പേര് കാണാന്‍ ചിത്ര തിയേറ്റില്‍ ചെന്നിരുന്നു. ആ തിയേറ്റര്‍ ഇന്നില്ല. പേര് കാണാതെ ദേഷ്യത്തോടെ വീട്ടില്‍വന്നു. രോഷത്തോടെ നിര്‍മാതാവ് ശോഭനാ പരമേശ്വരന്‍ നായരെ വിളിച്ചു. പേര് ഇല്ലാത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം സരസമായി പറഞ്ഞു, നസീറിന്റെ പേരാണാദ്യം. രണ്ടാമത്തെ പേര് നിങ്ങളുടേതാണ്. ഞാനത് കണ്ടില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍, ഉണ്ട് രണ്ടരക്ഷരമേ ഉള്ളൂ, മധു എന്നാണത് എന്ന് അദ്ദേഹം മറുപടി നല്‍കി. ശോഭനാ പരമേശ്വരന്‍ നായരും ഭാസ്കരന്‍മാഷുമൊക്കെ ചേര്‍ന്നാണ് പേര് മാറ്റത്തിന് പിന്നില്‍. ഭാസ്കരന്‍ മാഷ് തന്നെയാവും പുതിയ പേര് നിര്‍ദേശിച്ചത്. എനിക്കത് അത്ര ഇഷ്ടമായിട്ടൊന്നുമില്ല. വളരെ ചെറിയ പേര്. അന്ന് നീട്ടിയെഴുതുന്ന രീതി മാറുന്ന കാലമാണ്. മധു അന്ന് പുതിയ പേരും. അങ്ങനെയാണ് ഞാന്‍ മധുവായത്.

നാടകത്തില്‍നിന്ന് സിനിമയിലേക്കുള്ള മാറ്റം എങ്ങനെയാണ് അനുഭവപ്പെട്ടത്?

പറഞ്ഞുവരുമ്പോള്‍ എല്ലാം ഒന്നു തന്നെ. ഒരു തരത്തില്‍ കഥകളിയും നാടകവും ഒന്നുതന്നെയാണല്ലോ എന്ന് ചോദിക്കുന്നതുപോലെ. ഒന്നാണോ എന്നു ചോദിച്ചാല്‍ ഒന്നുതന്നെ. ഒന്നല്ലല്ലോ എന്നു ചോദിച്ചാല്‍ ഒന്നല്ല. എല്ലാറ്റിലും കഥ പറയുക തന്നെയാണ്. മനുഷ്യനാണ് മീഡിയം. മനുഷ്യരുടെ കഥ മനുഷ്യന്‍ പറയുന്നതാണ് എല്ലാ കലാരൂപവും. ഒന്നില്‍ കൂടുതല്‍ മെയ്ക്കപ്പിടും. ശൈലീകൃതമായ ചലനങ്ങളുമുണ്ടാവും. കഥകളിയുടെയും നാടകത്തിന്റെയും സ്റ്റൈല്‍ അല്ല സിനിമയുടെ സ്റ്റൈല്‍.

സിനിമയില്‍ അഭിനയ ശേഷി കൂടുതല്‍ ഉപയോഗിക്കേണ്ടതില്ല എന്ന് തോന്നിയിട്ടുണ്ടോ ?

നാടകത്തേക്കാള്‍ യഥാതഥമാണ് സിനിമ. നാടകത്തില്‍ സ്റ്റേജിനുസരിച്ച് ചലനങ്ങളും ആംഗ്യങ്ങളും സംഭാഷണവും മാറ്റേണ്ടിവരും. അകലെയുളളവര്‍ക്കുകൂടി മനസ്സിലാക്കാന്‍ ഭാവഹാവാദികള്‍ മാറ്റണം. യഥാതഥമായ അഭിനയമാണെങ്കില്‍ ആദ്യവരിയില്‍ ഇരിക്കുന്നവര്‍പോലും അറിയില്ല. കഥകളിയോളം വേണ്ടെങ്കിലും ചില കൃത്രിമത്വം വേണ്ടിവരും. സിനിമയില്‍ നമ്മള്‍ ജീവിതത്തോട് തൊട്ടടുത്താണ്. അവിടെ ക്യാമറ മാത്രമേ ഉള്ളൂ. നമ്മളെപ്പോലെ ക്യാമറയും ചലിക്കും. അവിടെയാണ് ഡയരക്ടറും ക്യാമറാമാനും നടനും സംഗമിക്കുന്നത്. അപ്പോഴാണ് ചെമ്മീന്‍ പോലൊരു നല്ല പടം ഉണ്ടാവുന്നത്. സിനിമയില്‍ കാണികള്‍ നിങ്ങളുടെ അടുത്തേക്കുവരും. നാടകത്തില്‍ നമ്മള്‍ കാണികളുടെ അടുത്തേക്കുപോകണം.

Prem Nazir in Ponkathir (1953)
Prem Nazir in Ponkathir (1953)

പ്രേംനസീറുമായുള്ള ബന്ധം നാടകപ്രവര്‍ത്തന കാലത്തുതന്നെ ഉണ്ടായി രുന്നോ?

നാടകപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഞാനും പട്ടം സദനും ഗൗരീശപട്ടം ശങ്കരന്‍ നായരുമൊക്കെ മെരിലാന്‍ഡ് സ്റ്റുഡിയോയില്‍ പോവുമായിരുന്നു. നാടകത്തിന്റെ ടിക്കറ്റും വില്‍ക്കാം ചുളുവില്‍ ഷൂട്ടിങ്ങും കാണാം. ഞാന്‍ എംജി കോളേജില്‍ ഇന്റര്‍മീഡിയറ്റിന് പഠിക്കുകയാണ്. 1950-51ലാണ്. ഗൗരീശപട്ടത്തെ വായനശാലക്കുവേണ്ടിയുള്ള നാടകത്തിന്റെ ടിക്കറ്റുമായി മെരിലാന്‍ഡില്‍ ചെന്നു. “ആത്മസഖി“ക്കുശേഷമുള്ള മെരി ലാന്‍ഡിന്റെ രണ്ടാമത്തെ പടമായ പൊന്‍കതിരിന്റെ ഷൂട്ടിങ്ങാണ്. തിക്കുറിശ്ശിച്ചേട്ടന്‍, പ്രേംനസീര്‍, മുതുകുളം, സി എ പരമേശ്വരന്‍പിള്ള എന്നിവര്‍ അഭിനയിച്ച ചിത്രം. ആര്‍ടിസ്റ്റുകള്‍ കോടീശ്വരന്മാരാണെന്നാണ് അന്ന് ഞങ്ങളുടെയൊക്കെ ധാരണ. നാല് രൂപയുടെ ടിക്കറ്റെടുത്തത് മുതുകളം രാഘവന്‍ പിള്ളയാണ്. ആരും കാശ് തന്നില്ല. പ്രേംനസീര്‍ എനിക്ക് നാലു രൂപയുടെ കടക്കാരനാണ്. ഞാനത് പലപ്പോഴും അദ്ദേഹത്തെ ഓര്‍മിപ്പിക്കാറുണ്ടായിരുന്നു.

കൊമേഴ്സ്യല്‍ സിനിമയുടെ തിരക്കിലും നല്ല സിനിമകള്‍ക്കൊപ്പം ശ്രദ്ധാപൂര്‍വം സഞ്ചരിച്ചിരുന്നു താങ്കള്‍. അടൂരിന്റെ സ്വയംവരത്തിലും ജോണ്‍ എബ്രഹാമിന്റെയും ചിത്രങ്ങളിലും അഭിനയിച്ചു.

സത്യത്തില്‍ സ്വയംവരമല്ല, അടൂരിന്റെ ആദ്യചിത്രം. കാമുകി എന്ന ചിത്രം അദ്ദേഹം തുടങ്ങിയിരുന്നു. പക്ഷേ അത് മുടങ്ങി. പ്രധാന സംവിധായകരുടെ ആദ്യചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ജോണ്‍ അബ്രഹാമിന്റെയും ജോണ്‍ ശങ്കരമംഗലത്തിന്റെയും അസീസിന്റെയും ചിത്രങ്ങളില്‍ അഭിനയിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടുകാരുമായി കമ്യൂണിക്കേറ്റു ചെയ്യാന്‍ എനിക്ക് സാധിച്ചതുകൊണ്ടാവാം.

കഥകളും കാവ്യങ്ങളും നോവലുകളും സിനിമയാക്കുന്ന രീതിക്ക് മുന്‍കാലങ്ങളിലേതിനേക്കാള്‍ വല്ലാതെ മാറ്റം വന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച രചനകള്‍ സിനിമക്ക് വിഷയമായ കാലത്തില്‍ നിന്ന് വല്ലാതെ മാറി.

മനുഷ്യന്റെ കഥ പറയുന്ന രചനകളുടെ കാലം കഴിഞ്ഞു. സിനിമയും ടി വിയുമൊക്കെയാവാം കാരണം. ജീവിതനിരീക്ഷണമൊക്കെ മാറി. എല്ലാവരും സെല്‍ഫിലേക്ക് ഒതുങ്ങി. എന്റെ ചിന്തകളാണ് എന്റെ നോവല്‍ എന്ന സ്ഥിതിയായി. സ്വന്തം ചിന്തകള്‍ ആണ് രചനകള്‍ക്കാധാരം. കഥയില്ല, കഥാപാത്രമില്ല, സമൂഹമില്ല, മനുഷ്യനില്ല. ഓരോരുത്തരുടെ ചിന്തകള്‍ എത്രകണ്ട് വിഷ്വലൈസ് ചെയ്യാനാവും. അതൊക്കെ നാട്ടുകാര്‍ക്ക് മനസ്സിലാവുമോ. അല്‍പ്പം കലയുള്ളതുകൊണ്ടാണ് തിയേറ്ററുകള്‍ കെട്ടുന്നത് പോലും. ബിസിനസ് പിന്നെ വരുന്നതാണ്. ഏറ്റവും വലുത് വിതരണക്കാരന്‍. പിന്നീട് ബിസിനസ് മാത്രമായി. ബ്രാന്‍ഡ് വരുന്നത് അങ്ങനെയാണ്. താരാധിപത്യം വരുന്നതും അങ്ങനെ. ആദ്യമൊക്കെ ഡയരക്ടറായിരുന്നു താരം. പിന്നീടാണ് നടന്മാര്‍ക്ക് മേധാവിത്തം വന്നത്. ചാനലുകള്‍ വന്ന തോടെ സ്ഥിതി മാറി. കഥയ്ക്ക് പ്രാധാന്യം കുറഞ്ഞത് ഇങ്ങനെയാണ്. അതേസമയം നല്ല കഥയുള്ള സിനിമകള്‍ രക്ഷപ്പെട്ടിട്ടുണ്ട്. “കുടുംബ സമേതം” എന്ന ചിത്രം അങ്ങനെയുള്ളതാണെന്നാണ് എന്റെ അനുഭവം. “സ്പിരിറ്റി“ന്റെ കാര്യവും അങ്ങനെയാണ്. അ തില്‍ സമൂഹത്തിന്റെ ഒരു പ്രശ്നമുണ്ട്. മദ്യം കാരണം നശിക്കുന്ന ആളുകളുടെ കഥയുണ്ട്. അവിടെ മനുഷ്യനെയാണ് നമ്മള്‍ കാണുന്നത്. മോഹന്‍ലാലിനൊപ്പം നന്ദുവിന്റെ അഭിനയത്തെക്കുറിച്ചും എടുത്തുപറയുന്ന സ്ഥിതിയുണ്ടായി. അത് സമ്മതിക്കുന്ന സ്ഥിതിയായിരുന്നില്ല മുമ്പ്. ഒന്നു രണ്ട് നല്ല ചലച്ചിത്രകാരന്മാര്‍ നമുക്കുണ്ട്. അല്‍പ്പം വിദ്യാഭ്യാസവും എഴുത്തും സാഹിത്യവും ഉള്ളവര്‍ എടുത്ത സിനിമകളാണ് രക്ഷപ്പെടുന്നത്. അല്ലാതെ വേട്ടക്കാരന്റെ പിന്നാലെ നടക്കുന്ന ഭിക്ഷാംദേഹികളായ സംവിധായകരല്ല. കാള്‍ഷീറ്റ് സംഘടിപ്പിച്ച് എന്‍ആര്‍ഐ പ്രൊഡ്യൂസറെ പറ്റിച്ച് സിനിമ പിടിച്ച് അവരെ കുത്തുപാളയെടുപ്പിക്കുന്ന സംവിധായകരല്ല നമുക്കുവേണ്ടത്.

നല്ല നിര്‍മാതാക്കളുടെ അഭാവവും പ്രശ്നമല്ലേ ?

തീര്‍ച്ചയായും. എന്തൊക്കെ പറഞ്ഞാലും സുബ്രഹ്മണ്യത്തെയോ കുഞ്ചാക്കോയെയോ പരീക്കുട്ടിയെയോ വാസുദേവന്‍ സാറിനെയോ മറക്കാനാവുമോ? സിനിമയെടുത്ത കാലത്ത് മലയാളിക്ക് അവരെ പുച്ഛമായിരുന്നു. അത് മലയാളികളുടെ പ്രധാന പ്രശ്നമാണ്. അവരുള്ളതുകൊണ്ടാണ് ഇത്രയും വര്‍ഷം മലയാള സിനിമ നിലനിന്നത്. കൃഷിഭൂമി കര്‍ഷകനായപ്പോള്‍ കൃഷി ഇല്ലാതായ പോലെയായി സ്ഥിതി. ഇപ്പോള്‍ അല്‍പ്പമൊരു വെളിച്ചം മലയാള സിനിമയിലേക്ക് വരുന്നുണ്ട്. ലാഭനഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കാതെ കലാപരതക്ക് പ്രാധാന്യം നല്‍കുന്ന ആത്മാര്‍ഥതയുള്ള ചിലരെങ്കിലും വരുന്നു. തകര്‍ച്ചയില്‍നിന്ന് സിനിമയെ അവര്‍ രക്ഷിച്ചെടുത്തിരിക്കയാണ്. അസഹനീയമായ ഒരു അവസ്ഥയില്‍നിന്നുള്ള മാറ്റമാണിത്.

Title Song – Aandhi Aaye from Saat Hindustani (1969)

സിനിമ സംവിധാനം ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കാതിരുന്നതെന്തുകൊണ്ടാണ്?

നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ചിട്ട് പ്രൊഡക്ഷനില്‍ സ്പെഷ്യലൈസ് ചെയ്ത കാലത്തും ഒരു നാടകത്തില്‍ പോലും അഭിനയിച്ചിട്ടില്ല. മെയ്ക്കിങ് തരുന്ന സന്തോഷം ചെറുതല്ല. സിനിമയില്‍ വന്ന് കുറേ കഴിഞ്ഞപ്പോള്‍ 1967 കാലത്ത് വല്ലാത്ത മടുപ്പ് തോന്നി. ടൈപ്പ് ആവുന്ന പോലെ. നല്ലവന്‍, പാവം, മാന്യന്‍- വലിയ ഊച്ചാളി ഒന്നുമല്ലാത്ത കഥാപാത്രങ്ങള്‍. അപ്പോഴാണ് യാദൃച്ഛികമായി ഹിന്ദിയില്‍ ഒരു അവസരം. ഖ്വാജാ അഹമ്മദ് അബ്ബാസിന്റെ “സാത് ഹിന്ദുസ്ഥാനി“യിലേക്ക് ക്ഷണം കിട്ടി. അതിനും കാരണം രാമു കാര്യാട്ടായിരുന്നു. ഗോവ വിമോചനത്തിനുവേണ്ടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കമാന്‍ഡോസിന്റെ കഥ. അബ്ബാസ് സാബിന് ദക്ഷിണേന്ത്യയില്‍നിന്ന് ഒരാളെ വേണമെന്ന് പറഞ്ഞപ്പോള്‍ എന്റെ പേരാണ് നിര്‍ദേശിച്ചത്. ചെമ്മീന്‍ കണ്ടിട്ട് അന്വേഷിച്ചതാണോ എന്നും അറിയില്ല. അങ്ങനെ അബ്ബാസുമായി തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലില്‍ ചര്‍ച്ച നടത്തി. അതിന്റെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോള്‍ എന്‍ പി അബുവിനെ കണ്ടു. ബോംബെ നഗരം പശ്ചാത്തലമാക്കി ആയ പടം എടുക്കണമെന്ന ആശയം അദ്ദേഹം മുന്നോട്ടുവെച്ചു. അന്ന് അബുവിന് ബോംബെയില്‍ ഹോട്ടലും മറ്റുമുണ്ട്. മധുവേട്ടന് സംവിധാനം ചെയ്താലെന്താ എന്നും അബു ചോദിച്ചു. അതൊരു പ്രേരണയായി. നിര്‍മാണത്തിന് ഞാന്‍ നേരത്തെ മനസ്സുകൊണ്ടു തയ്യാറെടുത്തിരുന്നു. സംവിധാനമെന്ന ആശയവുമായി വീട്ടില്‍വന്നപ്പോള്‍ നിമിത്തം പോലെ ഒരു പോസ്റ്റ് കാര്‍ഡ് കണ്ടു. സി രാധാകൃഷ്ണന്റെ “തേവടിശ്ശി” എന്ന നോവല്‍ വായിക്കണമെന്ന ഒരു ആരാധകന്റെ അഭ്യര്‍ഥനയായിരുന്നു കാര്‍ഡില്‍. രാധാകൃഷ്ണന്റെ മിക്കവാറും നോവലുകള്‍ വായിച്ചിരുന്നെങ്കിലും “തേവടിശ്ശി” ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. നോവല്‍ വാങ്ങി വായിച്ചു, ഇഷ്ടപ്പെട്ടു. ബോംബെയാണ് പശ്ചാത്തലം. ഒരു വാരസ്യാര്‍ യുവതി ബോംബെയില്‍ പിഴച്ചുപോകുന്നതും വഞ്ചിക്കുന്ന കാമുകനെ വേശ്യാലയത്തില്‍വച്ച് അവര്‍ കൊല്ലുന്നതുമാണ് കഥ. ആ കാമുകനെ ഞാന്‍ അവതരിപ്പിക്കുന്നുവെന്ന് കേട്ടപ്പോള്‍ പലരും പിന്തിരിപ്പിച്ചു. എനിക്കാണെങ്കില്‍ അതുവരെയുള്ള ഇമേജ് തച്ചുടയ്ക്കണമെന്നും വാശി. രാമു കാര്യാട്ടും എന്നോട് ആ കഥാപാത്രത്തെ അവതരിപ്പിക്കേണ്ടെന്ന് പറഞ്ഞു. സി രാധാകൃഷ്ണനെ ഡല്‍ഹിയില്‍ ചെന്നു കണ്ടു, ചര്‍ച്ച നടത്തി. അങ്ങനെയാണ് തേവടിശ്ശി എന്ന നോവല്‍ “പ്രിയ” എന്ന പേരില്‍ സിനിമയാക്കിയത്. സങ്കടം അതല്ല, ഷൂട്ടിങ് തുടങ്ങുംമുമ്പ് ഞാന്‍ വീട്ടിലെത്തി ആ പഴയ പോസ്റ്റ് കാര്‍ഡ് അന്വേഷിച്ച് നിരാശനായി. അത് ഇതുവരെ കിട്ടിയിട്ടില്ല. ആ അജ്ഞാത മനുഷ്യന്റെ നിര്‍ദേശം കാരണമാണ് നോവല്‍ വായിച്ചതും സിനിമയാക്കിയതും. എനിക്കയാളെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. അയാള്‍ക്കും ചിലപ്പോള്‍ വിഷമം തോന്നിയിട്ടുണ്ടാവും. സിനിമയാക്കിയിട്ട് ഞാന്‍ ഒരു മറുപടി പോലും അയച്ചില്ലല്ലോ എന്ന്. എ സര്‍ട്ടിഫിക്കറ്റിലാണ് അത് റിലീസ് ചെയ്തത്. എ സര്‍ട്ടിഫിക്കറ്റ് അല്ലാതാക്കാന്‍ ഒരുപാട് ശ്രമിച്ചെങ്കിലും സെന്‍സര്‍ ബോര്‍ഡുകാര്‍ കനിഞ്ഞില്ല.

അന്നത്തെ ത്രില്ലില്‍ കാറില്‍ കണ്ണൂര്‍ വരെയും തിരിച്ചും സഞ്ചരിച്ച് സിനിമയോടുള്ള പ്രതികരണം നേരിട്ടറിഞ്ഞു. തിരിച്ച് കൊല്ലം ഗ്രാന്‍ഡ് സിനിമയില്‍ കയറി. അവിടെ അപൂര്‍വമായ ഒരനുഭവമാണ് ഞങ്ങളെ കാത്തുനിന്നത്. സെക്കന്‍ഡ് ഷോ നടക്കുകയാണ്. സിനിമക്കിടയ്ക്ക് ജുബ്ബയിട്ട ഒരു തടിയന്‍ അടുത്തേക്ക് വന്നു. നിങ്ങളെന്താ കലക്ഷന്‍ കൂട്ടാന്‍ വേണ്ടിയാണോ എ സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്, എന്നൊരു ചോദ്യം. എ സര്‍ട്ടിഫിക്കറ്റ് മാറ്റാന്‍ സെന്‍സര്‍ ബോഡുമായി യുദ്ധം ചെയ്ത് തോറ്റ കഥ അയാളെ ബോധ്യപ്പെടുത്തി. അപ്പോള്‍ അയാള്‍ കൂടെ വന്നവരെ ചൂണ്ടിക്കാണിച്ചു. അയാളുടെ മൂന്നു പെണ്‍കുട്ടികള്‍. 18-ഉം 16-ഉം 15-ഉം വയസ്സുള്ളവര്‍. ശാസ്താംകോട്ടയില്‍നിന്ന് കുട്ടികളെയും കൊണ്ടുവന്നതാണയാള്‍. ആളൊരു പ്രമാണിയായിരുന്നു. ആ പടത്തിന്റെ നവോത്ഥാനപാഠത്തിന്റെ തെളിവാണ് ആ അനുഭവം. എല്ലാ അവാര്‍ഡുകളെ ക്കാളും ഞാനതിന് വിലകല്‍പ്പിക്കുന്നു.

ആ സിനിമയില്‍ പ്രധാന കഥാപാത്രം ചെയ്തത് അടൂര്‍ഭാസിയാണ്. ഗോപന്‍ എന്ന നെഗറ്റീവ് കഥാപാത്രമായിരുന്നു എന്റേത്. അടൂര്‍ ഭാസിയുടെ കഥാപാത്രം ഒരു ഡിറ്റക്ടീവിനെപ്പോലെ ബോംബെയില്‍ ഗോപനെ തേടിയെത്തുന്നു. കഥ കേട്ടപ്പോള്‍ നായികയായി താന്‍ അഭിനയിക്കാമെന്ന വാഗ്ദാനവുമായി ശാരദ വന്നു. തുലാഭാരം ഹിറ്റായ സമയം. അവര്‍ ആ കഥാപാത്രത്തെ അഭിനയിക്കുന്നതില്‍ എനിക്ക് അത്ര താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍, മറുത്തു പറയാന്‍ ബുദ്ധിമുട്ട്. ഒടുവില്‍ തിരക്കാണെന്ന് പറഞ്ഞ് ശാരദ ഒഴിഞ്ഞു. ഉര്‍വശീ ശാപം ഉപകാരമെന്ന പോലെ. നായികയെ കിട്ടിയതിനു പിന്നില്‍ രസകരമായ കഥയുണ്ട്. സാത് ഹിന്ദുസ്ഥാനിയില്‍ ഷൂട്ടിങ് കഴിഞ്ഞ് വിശ്രമിക്കുക കാട്ടിനുളളിലെ ഏതെങ്കിലും ടിബിയിലാണ്. അമിതാഭ് ബച്ചന്റെ ആദ്യ സിനിമയാണ്. ഉത്പല്‍ ദത്തുമുണ്ട്. ഞങ്ങളെല്ലാം അബ്ബാസ് സാബിനൊപ്പം ഒരു കൊച്ചു മുറിയിലാണ് താമസിച്ചത്. ദത്തിനൊപ്പം കൊല്‍ക്കത്തയില്‍ ചെന്നു. കൊല്‍ക്കത്ത നഗരത്തിലൂടെ നടക്കുമ്പോള്‍ ആരോ പുറത്തു തട്ടി. അപരിചിതന്‍. മലയാളിയാണ്. കൊല്‍ക്കത്തയില്‍ ഒരു പരസ്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. പേര് ടി പി മാധവന്‍. മലയാളി അസോസിയേഷനിലെ പ്രവര്‍ത്തകനാണ് മാധവനും സുഹൃത്ത് പാലക്കാട്ടുകാരന്‍ മേനോനും. അവര്‍ സൗമിത്ര ചാറ്റര്‍ജിയെ പരിചയപ്പെടുത്തി. സൗമിത്രയോട് തേവടിശ്ശിയിലെ നായികയാക്കാന്‍ ഒരു നടിയെ നിര്‍ദേശിക്കണമെന്ന് പറഞ്ഞു.

Lily Chakravarty in Achanak (1973)
Lily Chakravarty in Achanak (1973)

അദ്ദേഹമാണ് ലില്ലി ചക്രവര്‍ത്തി എന്ന നടിയെ കാണിച്ചുതന്നത്. അവരെ തീരുമാനിച്ചു. കൃത്യമായ കാസ്റ്റിങ് ആയിരുന്നു. അന്ന് ആ പാലക്കാട്ടുകാരന്‍ മേനോന്റെ വീട്ടില്‍ നിക്കറിട്ട് ഓടി നടന്ന പയ്യനുണ്ട്. അയാളാണ് ശശി തരൂര്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ ശശി തരൂര്‍ എന്നെ വിളിച്ചിരുന്നു. ടി പി മാധവന്‍ നടനാവുന്നതും യാദൃച്ഛികമാണ്. ഞാന്‍ കാമം ക്രോധം മോഹം, അക്കല്‍ദാമ എന്നീ പടങ്ങളുടെ ആവശ്യത്തിന് ബംഗളൂരുവില്‍ ചെന്നു. അന്ന് അവിടെ ഒരു പരസ്യകമ്പനിയില്‍ മാധവനുണ്ട്. മാധവന്റെ വീട് എന്റെ ഓഫീസായി മാറി.

ടൈപ്പ് ആവുന്നതിന്റെ പ്രശ്നം മറികടക്കാനുള്ള ശ്രമം വിജയിച്ചോ ?

വ്യത്യസ്തനാവാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ചെറു റോളുകളില്‍ ഞാന്‍ അഭിനയിക്കാറുണ്ട്, വ്യത്യസ്തതയുണ്ടെങ്കില്‍. സ്പിരിറ്റിലും പാസഞ്ചറിലും അഭിനയിച്ചത് അങ്ങനെയാണ്. പാസഞ്ചറില്‍ ചാനല്‍ എഡിറ്ററുടെ റോള്‍ ചെറുതാണെങ്കിലും വ്യത്യസ്തതയുണ്ട്.

മുഴുനീള വില്ലനായി അഭിനയിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടോ ?

പ്രിയയില്‍ ഗോപന്റെ കഥാപാത്രം അങ്ങനെയുള്ളതാണ്. ചീത്തയേ ചെയ്യൂ എന്ന് നിര്‍ബന്ധം പിടിക്കാനാവുമോ.

സിനിമയില്‍ എക്കാലവും ജയിച്ചവരുടെ കഥകള്‍ മാത്രമേ കേട്ടിട്ടുള്ളൂ. വീണുപോയവരുടെ കഥകള്‍ ആര്‍ക്കും അറിയില്ല. പല ചാപല്യങ്ങള്‍ക്കും വഴിപ്പെട്ടവരുണ്ട്.

അത് പ്രകൃതിനിയമമാണ്. രാഷ്ട്രീയത്തിലും അങ്ങനെയല്ലേ. നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ അതെല്ലാം ഉണ്ടാവും. ജാഥ പോകുമ്പോള്‍ മുദ്രാവാക്യം വിളിക്കുന്ന ആയിരങ്ങളെ നമ്മള്‍ കാണും. അവരില്‍ എല്ലാവരെയും നാടറിയുന്നുണ്ടോ. അവരില്‍നിന്ന് ഒരു പിണറായിയോ അച്യുതാനന്ദനോ ഉമ്മന്‍ചാണ്ടിയോ ഉയര്‍ന്നുവരും. വീണ്ടും തകഴിയിലേക്ക് വരാം. നിലവാരം കുറഞ്ഞ കൃതികള്‍ ധാരാളം ഇറങ്ങുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് പ്രകൃതി നിയമമാണെന്നാണ് തകഴി പറഞ്ഞത്. വന്‍ വൃക്ഷങ്ങള്‍ക്ക് നിലനില്‍ക്കാന്‍ കൊച്ചു കൊച്ചു ചെടികള്‍ വേണം. അത് എളുപ്പം വളര്‍ന്ന് മണ്ണില്‍ ചേര്‍ന്ന് വളമാകണം. കുറ്റിച്ചെടിയും പുല്ലും എല്ലാം പ്രകൃതിക്ക് വേണം. സാഹിത്യത്തിനും ഈ നിയമം ബാധകമാണെന്നാണ് തകഴി പറഞ്ഞതും എഴുതിയതും.

************

Related : Madhu | From Chemmeen to Nadi

Related : Madhu | The Producer

Related : Madhu | Actor . Director . Producer . Legend .

Related : Madhu | The Actor | Across the years

Related : Madhu | The Director

8 thoughts on “From Deshabhimani.com | Madhu on his Early years, Thakazhi and Chemmeen.

 1. Dear CM
  Thanks for the excellent post. Madhu is a totally different personality. Let me take a few words from your post on what Madhu asses himself –
  I believe I succeeded as an actor all these years because I never was a star –
  He was never a star
  One incident i remember my friends told me years back. Some addicts of prem nazir for the first time in malayalam constituted the Prem Nazir Fans Association in Trivandrum. This prompted a few others who liked Madhu to form a similar association for Madhu also. So one day they went to Kannammoola and presented their plan to Madhu. At the outset itself Madhu rejected the proposal. Quite natural from a person like Madhu.
  Chemmeen, Priya, Turakkatha Vaatil, Sindoora cheppu are of course good films by Madhu. But how can one just ignore the real madhu in Teekkanal and Yudhakaandam?
  Teekkanal was released along with Chennai Valarthiya Kutty (Udaya) & Kayamkulam Kochunniyude Makan – Both Nazeer films. But to the surprise of all, Teekkanal become a super hit. Who can forget the character Vinod by Madhu? Aashcharya Choodaamani & Maanathe Kanalu Kettu are two good songs composed by K J Yesudas in that film. This film was later remade into tamil as Deepam and in Hindi as Amar Deep.
  Yudhakandam was also a touching film. I dont remember the name of the character by Madhu. The song sequence – oduvilee yathre tannil… to the end of the film is really appreciable. Rithu Raaja Rathathil saghee Nee … and Shyama Sundara Pushpame are the two other hits from this film along with ponnum kudathinu pottu vendennaalum (Vanijayaram) & Evide Aa Vagdatha Bhoomi (P Madhuri)

  Regards

  Sajith B

  1. Dear Sajith,
   Thank you for this. Knowing him, you wouldnot expect anything else from him to the rabid fanboys’ request.I have a faint memory of watching Theekkanal, need to revisit it again 🙂 That Theekkanal was remade into Tamil and Hindi is news to me. Thank you. I think Madhu’s character was named Prasad in Yudhakandam.And wasn’t it the screen adaptation of his 1965 theatre production for KPAC? Found this from Amardeep (1979) :).. Thanks Sajith..cm

 2. A decent career. That said, not a great actor by any means. He did very difficult roles, many being from good fiction. And comparing such actors with some hyped image-builders is a bit harsh, too.

 3. I think Madhu was the first hero of the yesteryears who successfully did comedy on screen. His style of comedy..the timing..the way of delivery was much different from that of Sathyan and Nazir…there was no element of un-naturality in it. the best example being MANYASREE VISHWAMITHRAN, a decade later with ARORUMARIYATHE and another decade later in SIMHAVALAN MENON. I have often felt that Manysree Viswamihran could be remade with Mohanlal in the lead.
  An interesting trivia- over here. My wife’s grandfather Sreemandiram K.P. was a known dramatist of repute in the late Fifties and early Sixties. His drama ONAMUNDUM ODAKUHALUM was directed by Madhu. it starred TR Omana. The role of a young 8-9 year old boy was done by Murali . (Years later during the shooting of PORUTHAM TR Omana had remarked that it is not the first time Murlai is acting as her son). My wife’s grandfather remembers Madhu as a true, strict and complete professional during the course of direction.

  1. Porutham was a “refreshingly different” lil movies that happened in Murali’s career. have always wondered where Sree Lakshmy is now, I have always felt she was hugely talented.Madhu is a delight to watch as his eyes and face crinkle up with mischief, and yes, Narayan, Manyashree Vishwamitran and specially Arorumariyathe were riots.The tidbit about the theatre production was a first. Thank you so much for that :). Regards..cinematters

   1. thanks you cine-ji…Asianet movies has come as a blessing. I recently saw ARORUMARIYATHE and PORUTHAM again.
    Arorumariyate is hilarious. Karamana, Bharat Gopi & Madhu are awesome as the trio of old gentleman, and their chemistry works well on screen. ..while Nedumudi Venu’s driver character ..is jut fabulous.

 4. From the first generations hero’s still madhu sir is with us . He is a born talented artist.He is an actor who can bring a lot of expressions in his face. He had delivered his best performace in films like Cheemeen,Olavum Theeravum,Sindhooracheppu,Nadhi,Abijathiyam,Theekanal,Itha ivide vare, Jeevitham oru ganam,Venalil oru mazha,Ennikku njan swantham,Meen,Ariyatha Veethikal,Veena meetiya vilangukal,Chambakulam Thachan,Ayiram para,Naran etc….etc….

  1. The very reason we write and speak about him even now must be based on the very fact the himself spoke of some years back, “Nazeer and Sathyan were already big stars. I believe I succeeded as an actor all these years because I never was a star; no man has ever gone to see a film just to see me. Maybe that’s why I never really had a fall in my career.” he was always an actor who never thought twice in doing the films he did or he directed. It was right for him, and he did it. It takes immense courage to do that. Thanks Regi .cinematters.

What do you think ?

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.